ഹിന്ദു മഹാസഭ പ്രവർത്തകർ പശുക്കളെ അറുത്ത് വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായി യുപി പൊലീസ്
ഉത്തർപ്രദേശിൽ രാമനവമി ആഘോഷത്തിനിടെ പശുവിനെ അറുത്ത് വർഗീയകലാപത്തിന് ശ്രമിച്ച ഹിന്ദുമഹാസഭ പ്രവർത്തകർ അറസ്റ്റിൽ. ആഗ്രയിലെ ഗൗതം നഗറിൽ നടന്ന സംഭവത്തിലാണ് ദേശീയ വക്താവായ സഞ്ജയ് ജാട്ട് ഉൾപ്പെടെ നാല് ഹിന്ദുമഹാസഭ പ്രവർത്തകർ പിടിയിലായത്. ഗൂഢാലോചനയിൽ നിരവധി പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് സൂചന. ഗോവധം സംബന്ധിച്ച് ജിതേന്ദ്ര കുശ്വാഹ എത്മദുദ്ദൗല പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.
കഴിഞ്ഞ 29ന് പ്രദേശത്ത് പശുവിനെ അറുത്തതായി കാണിച്ച് ഹിന്ദുമഹാസഭ പ്രവർത്തകൻ ജിതേന്ദ്ര കുശ്വാല പൊലീസിൽ പരാതി നൽകിയിരുന്നു.
പ്രദേശത്തെ മുസ്ലിം യുവാക്കളായ മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു എന്നിവർക്കെതിരെയായിരുന്നു പരാതി. ഇവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രവർത്തകർ പൊലീസ് സ്‌റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു. പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതോടെയാണ് സംഭവത്തിലെ ഗൂഢാലോചന തെളിഞ്ഞത്. മുസ്ലിം യുവാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്നും കലാപം ലക്ഷ്യമിട്ട് ഹിന്ദുമഹാസഭ പ്രവർത്തകരാണ് പശുവിനെ കൊന്നതെന്നും പൊലീസ് കണ്ടെത്തി. സഞ്ജയ് ജാട്ടാണ് കേസിലെ മുഖ്യ സൂത്രധാരനെന്നും തെളിഞ്ഞു.