ബ്രിട്ടനിലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ ഭീഷണിപ്പെടുത്തലിനും വംശീയ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോര്‍ട്ട്

single-img
20 April 2023

ബ്രിട്ടനിലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ ഭീഷണിപ്പെടുത്തലിനും വംശീയ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോര്‍ട്ട്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഹെന്‍റി ജാക്‌സണ്‍ സൊസൈറ്റിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ ദ ടെലിഗ്രാഫ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിന്ദു വിദ്യാര്‍ഥികളെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുകയാണെന്നും അല്ലെങ്കില്‍ ‘കാഫിര്‍’ എന്ന് വിശേഷിപ്പിക്കു‌കയും അവിശ്വാസികള്‍ക്ക് നരകത്തിലാണെന്ന് പറ‌യുകയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത ഹിന്ദു രക്ഷിതാക്കളില്‍ പകുതിയും തങ്ങളുടെ കുട്ടിക്ക് സ്‌കൂളുകളില്‍ ഹിന്ദു വിരുദ്ധ വിദ്വേഷം അനുഭവപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 1 ശതമാനത്തില്‍ താഴെ സ്‌കൂളുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹിന്ദു വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


988 ഹിന്ദു രക്ഷിതാക്കളെയും രാജ്യത്തുടനീളമുള്ള 1,000-ലധികം സ്‌കൂളുകളും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഹിന്ദുക്കളുടെ ഭക്ഷണ രീതിയെ പരിഹസിക്കുക, അവരുടെ ദൈവങ്ങളെ ഇകഴ്ത്തുക എന്നിങ്ങനെയുള്ള അപകീര്‍ത്തികരമായ നിരവധി കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. ഒരിക്കല്‍ ഒരു സ്ത്രീ ഹിന്ദു വിദ്യാര്‍ഥിനിക്ക് നേരെ ഗോമാംസം എറിഞ്ഞു. ഹിന്ദു വിരുദ്ധ പീഡനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയെ ഈസ്റ്റ് ലണ്ടനിലെ സ്‌കൂളുകള്‍ മൂന്ന് തവണ മാറ്റേണ്ടി വന്നതായി റിപ്പോര്‍ട്ട് ചെയ്തു. ശാരീരിക ആക്രമണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ അവരുടെ ജീവിതം വളരെ എളുപ്പമാകുമെന്ന് പറയുന്നു. നിങ്ങള്‍ അധികകാലം അതിജീവിക്കില്ല. സ്വര്‍ഗം ലഭിക്കണമെങ്കില്‍ ഇസ്ലാമിലേക്ക് വരണമെന്നും ചിലര്‍ വിദ്യാര്‍ഥികളോട് പറയുന്നു. ഒരു ഇസ്ലാമിക പ്രബോധകന്റെ വീഡിയോകള്‍ കാണാനും ഹിന്ദുമതത്തിന് അര്‍ത്ഥമില്ലാത്തതിനാല്‍ മതപരിവര്‍ത്തനം നടത്താനും കുട്ടികളെ നിര്‍ബന്ധിക്കുന്നതായി രക്ഷിതാവ് പറഞ്ഞെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പഠനമനുസരിച്ച്‌ മതവിദ്യാഭ്യാസം ഹിന്ദുക്കള്‍ക്ക് നേരെവിവേചനം വളര്‍ത്തുന്നു. ഇന്ത്യന്‍ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അനുചിതമായ പരാമര്‍ശങ്ങളും ദൈവങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ 15 ശതമാനം പേര്‍ മാത്രമാണ് ഹിന്ദു വിരുദ്ധ സംഭവങ്ങളെ സ്‌കൂളുകള്‍ വേണ്ടത്ര കൈകാര്യം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പഠനത്തിലെ കണ്ടെത്തില്‍ ഗുരുതരമാണെന്നും മതവിദ്യാഭ്യാസം നല്‍കുന്നതില്‍ മാറ്റം വരുത്തണമെന്നും കണ്‍സര്‍വേറ്റീവ് എംപിയായ ബെന്‍ എവെറിറ്റ് ദി ടെലിഗ്രാഫിനോട് പറഞ്ഞു.