ഹിന്ദുക്കൾ ഹിന്ദുക്കളുമായി മാത്രമേ സ്വത്ത് ഇടപാട് നടത്താവൂ ; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
ഹിന്ദുക്കൾ ഹിന്ദുക്കളുമായി മാത്രമേ സ്വത്തുക്കളുടെ ഇടപാട് നടത്താവൂ എന്ന വിവാദ പരാമർശവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎൽഎ നിതേഷ് റാണെ. സംസ്ഥാനത്തെ ഉൾവേയിൽ ഗണേശ പൂജയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിശ്വാസികളെയും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ബിജെപി എംഎൽഎയുടെ ഈ പ്രസ്താവന.
ഹിന്ദുക്കളായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ അഹിന്ദുക്കളുമായി സ്വത്ത് ഇടപാടുകൾ നടത്തില്ലെന്ന് പ്രതിജ്ഞയെടുക്കണം. ഇടപാട് നടത്തും മുമ്പായി ആധാർ കാർഡ് പരിശോധിക്കണമെന്നും റാണെ ആവശ്യപ്പെട്ടു. “എല്ലാ മതങ്ങളോടും തുല്യ ബഹുമാനം, സഹോദര്യം എന്നീ ആശയങ്ങൾ ഉപേക്ഷിക്കണം. ഹിന്ദുക്കളിൽ മാത്രമായിരിക്കണം ശ്രദ്ധ. ചില മതഗ്രന്ഥങ്ങൾ ഒന്നുകിൽ ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുകയോ, കൊല്ലുകയോ ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്.
ഈ കാര്യം നിഷേധിക്കാൻ മതപണ്ഡിതരെ വെല്ലുവിളിക്കുന്നതായാണ് അവർ കാണുന്നത്. പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിലെ ഹിന്ദുക്കൾ വലിയ പീഡനം നേരിടുകയാണ്. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ എൻ്റെ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. 10 മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തും,” നിതേഷ് റാണെ പറയുന്നു.
അതേസമയം, റാണെയുടെ പരാമർശത്തിനെതിരെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (AIMIM) ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്‍റെ മതേതര സംവിധാനത്തിനും ഭരണഘടനക്കും എതിരാണ് എംഎൽഎയുടെ പരാമർശമെന്ന് AIMIM പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.