ഹിന്ദുത്വവും അതിന് സമാനമായ ഇസ്ലാമിക പതിപ്പുകളും ജനാധിപത്യത്തിന് അപകടമാണ്: പി ജയരാജൻ
നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന് ഏറ്റവും അപകടം ഹിന്ദുത്വമാണെന്ന് സിപിഎം നേതാവ് പി.ജയരാജൻ. ‘പൊളിറ്റിക്കൽ ഇസ്ലാം ഇൻ കേരള’ എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ എസ് എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഹിന്ദുത്വവും അതിന് സമാനമായ ഇസ്ലാമിക പതിപ്പുകളും ജനാധിപത്യത്തിന് അപകടമാണ്. മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന ഗ്രൂപ്പുകൾ കേരളത്തിലുണ്ടെന്നും പി.ജയരാജൻ അഭിപ്രായപ്പെട്ടു . ഇസ്ലാമിക രാഷ്ട്രത്തിനായി ഇസ്‌ലാമിസ്റ്റുകൾ പ്രവർത്തിക്കുന്നു.
എന്നാൽ, ഹിന്ദുക്കളെ ഒരിക്കലും പെട്ടന്ന് ഒരുമിപ്പിക്കാൻ സാധിക്കില്ലെന്നും , ജാതി വ്യവസ്ഥ ശക്തമായി നിലനിൽക്കുന്നത് കൊണ്ടാണതെന്നും ജയരാജൻ വ്യക്തമാക്കി. മതത്തിൻ്റെ ധാർമ്മിക മൂല്യങ്ങൾ ഇല്ലാതാക്കി വിശ്വാസികളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് മതരാഷ്ട്രവാദികൾ ശ്രമിക്കുന്നത്. തീവ്രവാദ മുദ്രാവാക്യങ്ങൾ ആണ് ഇസ്‌ലാമിസ്റ്റുകൾ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.