ഹോളി: ഡൽഹിയിൽ വിറ്റഴിഞ്ഞത് 58.8 കോടിയുടെ മദ്യം

single-img
11 March 2023

നിറങ്ങളുടെ ഉത്സവമായ ഹോളിയോടനുബന്ധിച്ച് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 2023 ലെ മറ്റെല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുന്ന മദ്യ വിൽപ്പനയാണ്സംസ്ഥാനത്തിൽ ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ. മാര്‍ച്ച് 6ന് മാത്രം ഡൽഹിയിൽ വിറ്റഴിച്ചത് 26 ലക്ഷം കുപ്പി മദ്യമാണ്.

സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് ഡല്‍ഹിക്കാര്‍ ഈ ഒരു ദിവസം കൊണ്ട് ഏകദേശം 58.8 കോടി രൂപയുടെ മദ്യമാണ് വാങ്ങിയത്. അതേസമയം, ഹോളി ആഘോഷ ദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ മദ്യഷോപ്പുകള്‍ക്ക് അവധിയായിരുന്നു. 2023 ൽ ഡൽഹിയിൽ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഏകദേശം 20 ലക്ഷത്തിലധികം കുപ്പി മദ്യമാണ് വിറ്റഴിച്ചത്. അതിനെ കടത്തിവെട്ടുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നിലവിലെ കണക്കുകൾ പ്രകാരം മാര്‍ച്ചിലെ റവന്യൂ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചതായും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കിടയിലും മദ്യവില്‍പ്പന ഈ രീതിയിൽ കുത്തനെ ഉയർന്നിരുന്നു. ഈ മാസം മാര്‍ച്ച് ഒന്നിന് ഡൽഹിയിൽ 27.9 കോടി രൂപയുടെ 15.2 ലക്ഷം കുപ്പി മദ്യമാണ് വിറ്റതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, മാര്‍ച്ച് രണ്ടിന് 26.5 കോടി രൂപയുടെ 14.6 ലക്ഷം കുപ്പി മദ്യവും മാര്‍ച്ച് 3ന് 31.9 കോടിയുടെ 16.5 ലക്ഷം കുപ്പി മദ്യവും മാര്‍ച്ച് 4 ന് 35.5 കോടിയുടെ 17.9 ലക്ഷം കുപ്പി മദ്യവും മാര്‍ച്ച് 5 ന് 22.9 ലക്ഷം കുപ്പി മദ്യവും വിറ്റതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിനെല്ലാം പുറമെ ഹോളി സീസണില്‍ നിരവധി പേര്‍ മദ്യം പൂഴ്ത്തിവെച്ചിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ കാരണം, സ്വന്തമായി ഡിസ്റ്റലറി ഇല്ലാത്ത പ്രദേശമാണ് ഡല്‍ഹി. സംസ്ഥാനത്തേക്ക് എത്തുന്ന മദ്യത്തിന്റെ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ്.