ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് അന്തരിച്ചു

single-img
18 March 2023

ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക് (60) അന്തരിച്ചു. ജനപ്രിയ പരമ്ബരയായ ‘ദി വയര്‍’, ഫ്രിഞ്ച്, ആക്ഷന്‍-ത്രില്ലര്‍ ചിത്രങ്ങളായ ‘ജോണ്‍ വിക്ക്’, ‘ഏഞ്ചല്‍ ഹാസ്‌ ഫോളന്‍’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ നടനാണ്.

ലോസ് ആഞ്ജലീസിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അന്ത്യം സംഭവിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വഴി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

1962-ല്‍ മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലാണ് റെഡ്ഡിക്ക് ജനിച്ചത്. ബാല്യകാലം മുതല്‍ സംഗീതത്തില്‍ തല്‍പ്പരനായിരുന്നു. ഈസ്റ്റ്മാന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്ന് സംഗീതത്തില്‍ ബിരുദം നേടി. പിന്നീട് അഭിനയത്തോട് താല്‍പര്യം തോന്നിയ റെഡ്ഡിക്ക് യേല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടി. 1996-ല്‍ പുറത്തിറങ്ങിയ ‘ന്യൂയോര്‍ക്ക് അണ്ടര്‍ കവര്‍’ എന്ന സീരീസിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1998-ല്‍ പുറത്തിറങ്ങിയ ‘ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍’ ആണ് ആദ്യ ചിത്രം.

മാര്‍ച്ച്‌ 24-ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ജോണ്‍ വിക്ക് നാലാം ഭാഗം’, ‘ബാലെരിന’, ”വെറ്റ്‌മെന്‍ കാന്റ് ജംപ്’ തുടങ്ങിയവ അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്.