കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു
കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇളംകാവ് മലകുന്നം സ്കൂള്‍ ബസിലെ ആയ, കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ അമ്ബിളി(36) ആണ് അപകടത്തില്‍പ്പെട്ടത്.
അമ്ബിളിയുടെ തലമുടിയിലാണ് ബസിന്റെ മുന്‍ചക്രം നിന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അമ്ബിളിയുടെ മുടി മുറിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം. സ്കൂള്‍ബസിലെ കുട്ടികളെ ഇറക്കി റോഡ് കടത്തിവിട്ട ശേഷം തിരിച്ചുവരാന്‍ റോഡ് മുറിച്ചുകടക്കവേ അമ്ബിളിയെ അടൂര്‍നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചു. ബസിനടിയിലേക്ക് വീണ അമ്ബിളിയുടെ തലമുടിയുടെ മുകളിലാണ് ഇടതുഭാഗത്തെ ചക്രം നിന്നത്. തലനാരിഴ മാറിയിരുന്നെങ്കില്‍ ജീവന്‍തന്നെ നഷ്ടമാകുമായിരുന്നു.
ഓടിയെത്തിയ നാട്ടുകാര്‍ കത്തി ഉപയോഗിച്ച് മുടി മുറിച്ചുമാറ്റി യുവതിയെ പുറത്തെത്തിച്ചു. തലയ്ക്ക് പരിക്കേറ്റ അമ്ബിളിയെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡിസ്‌ചാര്‍ജ് ചെയ്‌തു.