വിവാഹവാഗ്ദാനം നൽകി പണം തട്ടിയത് അറുപത്തെട്ടുകാരനിൽ നിന്നും; അശ്വതി അച്ചു പിടിയിൽ


വിവാഹവാഗ്ദാനം നൽകി പണം തട്ടിപ്പ് നടത്തിയ കേസിൽ യുവതി പിടിയിൽ. അശ്വതി അച്ചു എന്ന യുവതിയാണ് പോലീസ് പിടിയിലായത്. പൂവാർ സ്വദേശിയായ അറുപത്തെട്ടുകാരനെയായിരുന്നു ഈ യുവതി കബളിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലപ്പോഴായി ഇയാളിൽ നിന്നും 40,000 രൂപയാണ് പ്രതി തട്ടിഎടുത്തത്.
അതേസമയം, ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട യുവതിയാണ് അശ്വതി അച്ചു.പൂവാർ പൊലീസാണ് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാന തട്ടിപ്പ് കേസിലെ പരാതിയിൽ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ പണം കടമായി വാങ്ങിയതാണെന്നും തിരികെ നൽകാം എന്നുമായിരുന്നു ഇവർ പൊലീസിനെ അറിയിച്ചത്. പക്ഷെ ഇപ്പോൾ ഇവർ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ, കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തിരുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പൊലീസ് ആണ് കേസെടുത്തിരുന്നത്. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് അന്ന് പൊലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നത്.
കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയായ ഈ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ മാത്രം പ്രത്യേകം തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമായിരുന്നു അപ്പോൾ രീതി. ഒരേസമയം പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ ‘അശ്വതി അച്ചു’ പിടിയിലാകുന്നത് ആദ്യമാണ്.