ആശുപത്രി തകർത്ത അക്രമികൾക്ക് ബിജെപിയുമായി ബന്ധം: മമത ബാനർജി

single-img
15 August 2024

പശ്ചിമബം​ഗാളിൽ ജൂനിയർ വനിതാ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ ദിവസം അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനർജിയുടെ ആരോപണം.

ഡോക്ടർമാർ ഇപ്പോൾ നടന്നുവരുന്ന സമരം നിർത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ സംസ്ഥാന സർക്കാരിനോട് ​ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം , കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറ്റുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികൾ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകർത്ത അക്രമികൾ ഡോക്ടർമാരുൾപ്പടെ സമരം ചെയ്യുന്നവരെ മർദിച്ചു. നിരവധി പോലീസുകാർക്കും പരിക്കേറ്റു.

ആശുപത്രിയിലെ അത്യാഹിത വിഭാ​ഗമടക്കം പൂർണമായും അക്രമികൾ തകർത്തു തരിപ്പണമാക്കി. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകർത്തു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സംഘം എല്ലാറ്റിനും മൂകസാക്ഷികളായെന്നാണ് ദൃക്സാക്ഷികളുടെ പരാതി.