അടിത്തട്ടിലൂടെ വെള്ളം കയറി; ആലപ്പുഴയിൽ ഹൗസ് ബോട്ട് കായലിൽ മുങ്ങി

29 May 2023

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ ഹൗസ് ബോട്ട് മുങ്ങി. മൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റിലാക്സ് കേരള എന്ന് പേരുള്ള ഹൗസ് ബോട്ടാണ് വെള്ളത്തിൽ മുങ്ങിയത്. യാത്രയ്ക്കിടയിൽ അടിത്തട്ടിലൂടെ വെള്ളം കയറിയതാണ് ബോട്ട് മുങ്ങിത്താഴാൻ കാരണമെന്നാണ് ലഭ്യമായ വിവരം.
ബോട്ട് ജലത്തിൽ മുങ്ങിത്താഴുന്നതിന് മുൻപ് മറ്റ് ഹൗസ് ബോട്ടുകളിലും സ്പീഡ് ബോട്ടുകളിലുമായി എത്തിയവർ യാത്രക്കാരെ രക്ഷിച്ചു. ഉടൻതന്നെ ഇവരെ മറ്റൊരു ബോട്ടിൽ കയറ്റി. കായലിൽ സ്ഥാപിച്ച ഒരു കുറ്റിയിൽ ഇടിച്ച് ബോട്ടിന്റെ അടിപ്പലക തകർന്നതാണ് വെള്ളം കയറാൻ കാരണമെന്ന് സംശയിക്കുന്നു. കാലപ്പഴക്കമുള്ള ബോട്ടാണ് മുങ്ങിത്താഴ്ന്നത്.