എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ മകനെയും കൊല്ലാന്‍ ശ്രമിച്ചു; മകൻ അനങ്ങാതെ കിടന്നത് കൊണ്ട് രക്ഷപ്പെട്ടു

single-img
7 October 2022

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ മകനെയും കൊല്ലാന്‍ ശ്രമിച്ചു.

എന്‍ഐടി സിവില്‍ എഞ്ചിനീയറിങ് വിഭാഗം ടെക്‌നീഷ്യന്‍ അജയകുമാര്‍ ആണ് ഭാര്യ ലിനിയെ ശ്വാസം മുട്ടിച്ച്‌ കൊന്നശേഷം വീടിനു തീ കൊളുത്തി മരിച്ചത്.

ഇവരുടെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജിത്താണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കിടപ്പുമുറിയില്‍ ഭാര്യ ലിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, ഡൈനിങ് ഹാളില്‍ ഉറങ്ങുകയായിരുന്ന മകന്‍ അര്‍ജിത്തിനെയും തലയണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചു.

മൂക്ക് പൊത്തിപ്പിടിച്ച്‌ മകന്‍ അനങ്ങാതെ കിടന്നതോടെ ഇരുവരും മരിച്ചെന്ന് കരുതി അജയകുമാര്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയും കിടപ്പുമുറിയില്‍ ക്യാസ് സിലിണ്ടര്‍ തുറന്നു വിടുകയുമായിരുന്നു. അര്‍ജിത്ത് ഇതിനിടെ അടുക്കള ഭാഗം വഴി രക്ഷപ്പെട്ടു. ഇതിനിടെ വീടിന് അകത്തേക്ക് വലിച്ചിടാന്‍ അജയകുമാര്‍ ശ്രമിച്ചെങ്കിലും അര്‍ജിത്ത് കുതറി ഓടി രക്ഷപ്പെട്ട് പുറത്തെത്തി ബഹളം വെക്കുകയായിരുന്നു.

അമ്മയുടെ ഞെരക്കംകേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച്‌ കിടക്കുകയായിരുന്നുവെന്ന് ആര്‍ജിത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അര്‍ജിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഗ്നിരക്ഷാസേനാ അംഗങ്ങള്‍ അതിസാഹസികമായി വീടിനകത്തു കയറി തീപിടിച്ച ഗ്യാസ് സിലിണ്ടര്‍ പുറത്തെത്തിച്ച്‌ തീ അണച്ചതുമൂലമാണ് സമീപ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് തീ പടരുന്നത് തടയാനായത്. അജയകുമാര്‍ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകങ്ങളാണെന്നും, കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നും പൊലീസ് പറഞ്ഞു. ബി ആര്‍ക്ക് വിദ്യാര്‍ത്ഥിനിയായ മകള്‍ അഞ്ജന തലേദിവസം വരെ വീട്ടിലുണ്ടായിരുന്നു.