തല്ലിയതല്ല , തലോടിയതാണ്; കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ
കഴിഞ്ഞ ദിവസം നടന്ന പട്ടയ വിതരണ ചടങ്ങിനിടെ കർണാടക മന്ത്രി വി സോമണ്ണ മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ. മന്ത്രിയിൽ നിന്നും അടിയേറ്റ കെമ്പമ്മ എന്ന സ്ത്രീയാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
മന്ത്രി തന്നെ തല്ലിയതല്ല എന്നും കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നെന്നും ഇവർ പറയുന്നു. തന്റെ വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട് എന്നും ഇവർ പറയുന്ന വിശദീകരണ വിഡിയോ മന്ത്രിയുടെ ഓഫീസ് ഇന്ന് പുറത്തുവിട്ടു.
വീട്ടമ്മയുടെ വാക്കുകൾ ഇങ്ങിനെ: “മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല. അദ്ദേഹം എന്റെ കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. എന്റെ വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം ഞങ്ങൾ മന്ത്രിയെ ആരാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിൽ വീണ് ഭൂമി അനുവദിച്ച് സഹായിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു.
ആ സമയം അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു.എന്നാൽ ആ പ്രവൃത്തിയെ എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്. മന്ത്രി ഞങ്ങൾക്ക് ഭൂമി നൽകി. ഞങ്ങൾ നൽകിയ 40,000 രൂപ തിരികെ നൽകുകയും ചെയ്തു. ഞങ്ങൾ ദൈവങ്ങൾക്കൊപ്പം അദ്ദേഹത്തിൻ്റെ ചിത്രവും വച്ച് ആരാധിക്കുന്നുണ്ട്.”