വീട്ടുജോലിക്കാർ മാത്രം 70 പേർ; ഗവർണറുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളി


ഗവർണറുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളിയെന്ന് ആരോപണം. 101 ജീവനക്കാർ മാത്രമാണ് ഉള്ളത് എന്ന് രാജ്ഭവന്റെ വെബ്സൈറ്റിൽ പറയുമ്പോൾ വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ അത് 114 പേരാണ് എന്നാണു മറുപടി നൽകിയത്. ഇതിൽ 70 പേർ വർണറുടെ വീട്ടുജോലിക്കാർ മാത്രമാണ് എന്നാണു ഉയരുന്ന ആരോപണം.
144 പേരിൽ 74 പേർ താൽക്കാലികവും ബാക്കി 70 സ്ഥിര നിയമനവുമാണ് എന്നാണു വിവരാവകാശം നൽകിയിരിക്കുന്ന മറുപടി. എന്നാൽ നൂറിലധികം കരാർ ജീവനക്കാരുൾപ്പെടെ 240ഓളം പേർ ഗവർണറുടെ സ്റ്റാഫിൽ ഉണ്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച കൃത്യമായ വിവരം സംസ്ഥാന സർക്കാരിന്റെ കൈവശം ഇല്ല എന്നതും ശ്രദ്ധേയമാണ്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫുകളിൽ 50,000 മേൽ വേതനം വാങ്ങുന്നത് 40 പേരാണ് ഉള്ളത് എന്നും വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ ഉണ്ട്. ഇതിൽ 12 പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് മൂന്നുമാസം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.
രാജ്ഭവന് അലക്കുകാരനും തയ്യൽക്കാരനും ആശാരിയും വരെ സ്വന്തമായുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റ ശേഷം വിവാദമായ പല സ്ഥിരം നിയമനങ്ങളും നടന്നിട്ടുണ്ട്. സർക്കാറിന്റെ എല്ലാ ചെലവിനും നിയമസഭ വോട്ടെടുപ്പിലൂടെ അംഗീകാരം നേടുമ്പോൾ ഗവർണർക്കും സഹായികൾക്കുമായി ചെലവിടുന്ന പണത്തിന് കണക്കെടുപ്പും പരിശോധനയും ഇല്ല. രാജ്ഭവന്റെ ഈ ചെലവുകൾ നിയമസഭയിൽ ചർച്ചയും വോട്ടെടുപ്പും ഇല്ലാതെ അംഗീകരിക്കും. ട്രഷറിയിൽ പണമില്ലെങ്കിൽപോലും രാജ്ഭവന്റെ ബില്ലുകൾ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.
ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളും മാത്രം 42 ലക്ഷം രൂപയാണ്. വിമാനയാത്ര ഇനത്തിൽ മാത്രം കഴിഞ്ഞവർഷം 13 ലക്ഷവും ഈ വർഷം 12 ലക്ഷവും മാറി. മാസങ്ങൾക്ക് മുമ്പ് വാങ്ങിയ മെഴ്സിഡസ് ബെൻസിന് 70 ലക്ഷം രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഗവർണർ ദാനം നൽകിയത് 13.5 ലക്ഷം രൂപയാണ്. ഇതിനും കണക്കുകൾ ലഭ്യമല്ല. രാജ്ഭവന്റെ ചെലവുകൾക്കായി ഈ വർഷം ആവശ്യപ്പെട്ട 12.70 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ചെലവ് 12.45 കോടി രൂപ ആയിരുന്നു.