കുഞ്ഞനന്തന്റെ ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം വന്നു; അന്വേഷണം നടത്തണം: കെ എം ഷാജി


പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റയുടെ പരിപാടിയിലായിരുന്നു ഷാജിയുടെ ആവശ്യം. ‘കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എല്ലാവര്‍ക്കും ഒരുമിച്ചാണ് ഭക്ഷണം. കുഞ്ഞനന്തന്റെ ഭക്ഷണത്തില്‍ മാത്രം എങ്ങനെ വിഷം വന്നു കുഞ്ഞനന്തന് ജയിലില്‍ നിന്ന് എങ്ങനെ ഭക്ഷ്യവിഷബാധ ഉണ്ടായി എന്നതില്‍ മറുപടി പറയണം’, കെ എം ഷാജി പറഞ്ഞു.
‘അച്ഛനെ കൊന്നത് യുഡിഎഫാണെന്ന് ചൂണ്ടിക്കാട്ടി പിണറായിക്ക് പരാതി കൊടുക്കാന്‍ മകള്‍ക്ക് ധൈര്യമുണ്ടോ പരാതി കൊടുക്കാന്‍ കുഞ്ഞനന്തന്റെ മകളെ വെല്ലുവിളിക്കുന്നു. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. അച്ഛന്‍ കൊല്ലപ്പെട്ടതാണെന്ന് മകള്‍ പറയാന്‍ കാരണം മനസിലെ ആധിയാണ്. കൊന്നത് യുഡിഎഫുകാരാണെങ്കില്‍ അന്വേഷണം നടക്കട്ടെ’യെന്നും ഷാജി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നേരത്തെ രംഗത്ത് വന്നിരുന്നു. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ്. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
ഇതിന് പിന്നാലെ കെ എം ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്ന മനോഹരനും രംഗത്ത് വന്നിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നുമായിരുന്നു ഷബ്ന പറഞ്ഞത്. കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നുമായിരുന്നു ഷബ്നയുടെ ആരോപണം.