അന്തസുള്ള പാർട്ടിക്കും മുഖ്യമന്ത്രിക്കും മുന്നിലാണ് പരാതി നൽകിയത്; എലി അത്ര ചെറിയ ജീവി അല്ല: പിവി അൻവർ
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് താൻ നൽകിയ പരാതിയുടെ കോപ്പി സിപിഎം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും പറഞ്ഞ അൻവർ വിശ്വസിച്ച് ഏൽപ്പിച്ച ആൾ തന്നെ ചതിക്കുമോയെന്നും ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അൻവർ. താൻ ഉയർത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ തന്നെ കാണും. എഡിജിപിയെ മാറ്റണോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും. അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത്.
ശരിയായ രീതിയിൽ നടപടി ക്രമങ്ങൾ പാലിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. എലി അത്ര ചെറിയ ജീവി അല്ല. എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഈ പാർട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്?. അന്തസ്സുള്ള പാർട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു .
എല്ലാ കാര്യങ്ങൾക്കും അതിന്റേതായ നടപടി ക്രമങ്ങൾ ഉണ്ട്. അതനുസരിച്ച് നീങ്ങും. ജനങ്ങളുടെ വികാരമാണ് താൻ പറഞ്ഞത്. അത് തള്ളിക്കളയുമോ? വിശ്വസിച്ച് ഏൽപ്പിച്ച ആൾ ചതിക്കുമോ?. ഇങ്ങനെ ഒരു വൃത്തികെട്ട പൊലീസ് ഉണ്ടോയെന്നും പി വി അൻവർ ചോദിച്ചു.