ശബരിമലയിൽ വീണ്ടും ഭക്തജന തിരക്ക് കൂടി


ശബരിമലയിൽ വീണ്ടും ഭക്തജന തിരക്ക് കൂടി. ഇന്ന് മാത്രം 90,003 പേരാണ് വെർച്ചൽ ക്യൂ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവിതാകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പോലീസും തമ്മിലുണ്ടായ ഏകോപനമില്ലായ്മ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിന്നതായി തീർത്ഥാടകർ പറയുന്നു.
ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ പമ്പ മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇതിനിടയിൽ ആറൻ മുളയിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരം ശബരിമലയിൽ എത്തും. അപ്പോൾ തിരക്ക് വീണ്ടും കൂടാനാണ് സാധ്യത.
അതേസമയം പരമ്പരാഗത പാതയിലൂടെയുള്ള നിയന്ത്രണം പിൻവലിച്ചു. മരക്കൂട്ടം മുതൽ ശരംകുത്തിവരെ തീർത്ഥാടകരെ വഴിതിരിച്ച് വിട്ടിരുന്നു. ഇതിൽ തീർത്ഥാടകർക്കും കച്ചവടക്കാർക്കും ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇതോടെ വിശ്വാസികൾക്ക് കരിങ്കൽ പാകിയ പാതയിലൂടെ സുഗമമായി യാത്ര ചെയ്യാം. ഈ സീസണിന്റെ തുടക്കത്തിലാണ് കോടികൾ ചെലവിട്ട് പരമ്പരാഗത പാത കരിങ്കല്ല് പാകി വൃത്തിയാക്കിയതെങ്കിലും തീർത്ഥാടകർക്ക് ഇതുവഴിയുള്ള യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.