ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാളായ ഹുയി കാ യാന്റെ സമ്ബത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടു

single-img
23 January 2023

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും വലിയ സമ്ബന്നരില്‍ ഒരാളായ ഹുയി കാ യാന്റെ സമ്ബത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടു.

ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ഹുയി കാ യാന്‍. ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയത്തെ തുടര്‍ന്ന് എവര്‍ഗ്രാന്‍ഡെ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കമ്ബനിയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ സകലതും വിറ്റുപെറുക്കിയതോടെ ഹുയി കാ യാന്റെ ആസ്തി കുത്തനെ ഇടിഞ്ഞു.

ശതകോടീശ്വരനായിരുന്ന ഹുയി കാ യാന്റെ സമ്ബത്ത് ഒരുകാലത്ത് 42 ബില്യണ്‍ ഡോളറായിരുന്നു, ഇത് അദ്ദേഹത്തെ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്ബന്നനാക്കി. എന്നാല്‍ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഹുയി കാ യാന്റെ ആസ്തി ഇപ്പോള്‍ 3 ബില്യണ്‍ ഡോളറായി കുറഞ്ഞു.

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ചോയില്‍ 1996 ല്‍ ഹുയി കാ യാന്‍ സ്ഥാപിച്ച കമ്ബനിയാണ് എവര്‍ഗ്രാന്‍ഡെ. നിര്‍മ്മാണ മേഖലയിലെ സാധ്യതകളെ ഉപയോഗിക്കാന്‍ കമ്ബനിക്ക് ആയി. ഇതോടെ ലോകത്തെ ഏറ്റവും വലിയ 500 കമ്ബനികളില്‍ ഒന്നാകാന്‍ എവര്‍ഗ്രാന്‍ഡെയ്ക്കായി. എന്നാല്‍ വലിയ തുകകള്‍ വായ്പ എടുക്കുന്ന കുത്തക കമ്ബനികളെ നിയന്ത്രിക്കാന്‍ ചെനീസ് സര്‍ക്കാര്‍ പുതിയ നയം കൊണ്ടുവന്നതോടു കൂടി എവര്‍ഗ്രാന്‍ഡ ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടി. 300 ബില്യണ്‍ ഡോളര്‍ അതായത് 22 ലക്ഷം കോടിയിലേറെയാണ് എവര്‍ഗ്രാന്‍ഡെ കമ്ബനിയുടെ ബാങ്ക് വായ്പ.

തന്റെ കമ്ബനിയെ രക്ഷിക്കാന്‍, ഹുയി കാ യാന്‍ തന്റെ വീടുകളും സ്വകാര്യ വിമാനങ്ങളും വില്‍ക്കാന്‍ തുടങ്ങി. തന്റെ സമ്ബത്ത് കുറയുന്നതിന് പുറമേ, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍ (സിപിപിസിസി) നിന്നും ഹുയി രാഷ്ട്രീയമായി കൂടുതല്‍ ഒറ്റപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ്സിലെ ഏറ്റവും വലിയ പേരുകളും അടങ്ങുന്ന ഒരു എലൈറ്റ് ഗ്രൂപ്പാണ് സിപിപിസിസി.

ഹുയി കാ യാന്‍ ചൈനയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടീമായ ഗ്വാങ്‌ചോ എഫ്‌സിയുടെ ഉടമയാണ്. ലോകത്തെ ഏറ്റവും വലിയ സോക്കര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും കമ്ബനി നടത്തിവരുന്നു. റിയല്‍ എസ്റ്റേറ്റിനപ്പുറം ഹുയി കാ യാന് ധനകാര്യം, വൈദ്യുതി കാറുകള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍, തീം പാര്‍ക്ക് എന്നീ ബിസിനസുകളുമുണ്ട്.