മോദി സര്‍ക്കാരിന് കീഴില്‍ ജമ്മു കശ്മീരിലെ മനുഷ്യാവകാശങ്ങള്‍ മെച്ചപ്പെട്ടു: ഷെഹ്ല റഷിദ്
ജമ്മു കശ്മീരിൽ പ്രധാനമന്ത്രി മോദി സര്‍ക്കാരിന്റെ ഇടപെടലുകളെ പ്രകീര്‍ത്തിച്ച് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹ്ല റഷിദ്. മോദി നയിക്കുന്ന സര്‍ക്കാരിനു കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായും മോദി സര്‍ക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണറിനും കീഴില്‍ താഴ്വരയിലെ മനുഷ്യാവകാശങ്ങള്‍ മെച്ചപ്പെട്ടതായി ഷെഹ്‌ല എക്‌സ് ( പഴയ ട്വിറ്റർ ) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
മുൻപ് , കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ 370-ാം വകുപ്പ് മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നവരില്‍ പ്രധാനിയായിരുന്നു ഷെഹ്ല. 2016ല്‍ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്നു ഇവര്‍.
അതിനു ശേഷവും സംസ്ഥാനത്തെ സൈന്യത്തിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച ഷെഹ്‌ല ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ സ്ഥാപിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നു.