വീണ്ടും നരബലി;തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്


പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിയുടെ നടുക്കം മാറുംമുമ്ബേ, തിരുവല്ലയില്‍ നരബലി നടത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്.
തിരുവല്ലയിലെ കുറ്റപ്പുഴയിലാണ് സംഭവം. കുറ്റപ്പുഴയിലെ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്.
ഈ മാസം 8ന് അര്‍ധരാത്രി ആയിരുന്നു സംഭവം. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്ബിളിയാണ് യുവതിയെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പൂജ നടത്താം എന്ന് പറഞ്ഞാണ് യുവതിയെ സ്ഥലത്തെത്തിച്ചത്. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തി.
മന്ത്രവാദത്തിന് ശേഷം യുവതിയെ ബലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ, ഇടനിലക്കാരിയുടെ പരിചയക്കാരന്‍ വീട്ടിലെത്തിയതാണ് പദ്ധതി പാളിപ്പോകാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം സംബന്ധിച്ച് തിരുവല്ല പൊലീസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.