നരബലി കേസ്;കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറില്‍ വേവിച്ച് കഴിച്ചു;പത്ത് കിലോയോളം മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; നടുക്കുന്ന ക്രൂരതകൾ വിവരിച്ച് പ്രതികൾ
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട കൊലയ്ക്ക് ശേഷം നടത്തിയ പൈശാചിക കൃത്യങ്ങള്‍ വിവരിച്ച് കേസിലെ പ്രതികള്‍.
കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറില്‍ വേവിച്ച് കഴിച്ചതായി പ്രതികള്‍ വെളിപ്പെടുത്തി. വേവിച്ച മാംസം ലൈല ഒഴികെ മറ്റ് രണ്ട് പ്രതികളുമാണ് കഴിച്ചതെന്നും മൊഴിയില്‍ പറയുന്നു.
പത്ത് കിലോയോളം മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. റോസ്ലിന്റേയും പത്മയുടേയും ശരീര ഭാഗങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിച്ചതായും ഇവ പിന്നീട് മറ്റൊരു കുഴിയില്‍ നിക്ഷേപിച്ചതായും ലൈലയുടെ മൊഴിയിലുണ്ട്. ഫ്രിഡ്ജില്‍ മാംസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി.
മാംസം വേവിച്ച പാത്രങ്ങള്‍ തെളിവെടുപ്പിനിടെ ലൈല തന്നെ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു നല്‍കി. ആന്തരികാവയവങ്ങളും മാറിടമടക്കമുള്ള ഭാഗങ്ങളുമാണ് വേവിച്ചത്.
മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത് ഭഗവല്‍ സിങും ലൈലയും ചേര്‍ന്നാണ്. തിരുമ്മല്‍ കേന്ദ്രത്തില്‍ വച്ചാണ് ഇത്തരത്തില്‍ ശരീരങ്ങള്‍ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം ഷാഫി പുറത്തേയ്ക്ക് പോയെന്നും മൊഴിയില്‍ പറയുന്നു. മൃതദേഹങ്ങള്‍ മുറിക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ 40തോളം തെളിവുകള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വലിച്ചിഴച്ചതിന്റെ തെളിവുകളും ഷാഫിയുടെ നിര്‍ണായക വിരലടയാളങ്ങളും കണ്ടെത്തി. വീടിന്റെ ഭിത്തിയില്‍ രക്തം തെറിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നതിനിടെയാണ് ലൈലയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. പരിശോധനയില്‍ കൊലയ്ക്ക് ഉപയോഗിച്ചു എന്നു കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന നാല് കറിക്കത്തികളും ഒരു വെട്ടുകത്തിയുമാണ് കിട്ടിയത്.
ആയുധങ്ങളില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ പതിഞ്ഞതായി സൂചനകളുണ്ട്. വീടിനോട് ചേര്‍ന്നുള്ള ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആയുധങ്ങളിലും ഫ്രിഡ്ജിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കെമിക്കല്‍ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന നടത്തും.
അതിനിടെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. കൊച്ചി പൊലീസിന്റെ നിര്‍ദേശാനുസരണം ആറന്മുള പൊലീസാണ് സ്ത്രീയുടെ ഡമ്മി പരീക്ഷണത്തിനായി എത്തിച്ചത്. പ്രതികളെ വീടിന് അകത്തെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുമെന്നാണ് വിവരം.
പ്രതി ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മര്‍ഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ വീട്ടുവളപ്പില്‍ നിന്നും ഒരു അസ്ഥിക്കഷണം കണ്ടെത്തി. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെടുത്ത അസ്ഥിക്കഷണം ഫൊറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
പുരയിടത്തില്‍ മണ്ണിളകിയ പ്രദേശങ്ങളിലെല്ലാം പൊലീസ് അടയാളപ്പെടുത്തി പരിശോധന നടത്തുകയാണ്. ആറോളം സ്ഥലങ്ങളിലാണ് പൊലീസ് മാര്‍ക്ക് ചെയ്തിട്ടുള്ളത്. വീടിന്റെ പലഭാഗങ്ങളിലായി മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല ഭാഗങ്ങളിലായി കുറച്ചു കുറച്ചായി നട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മഞ്ഞള്‍ ചെടികള്‍ കൂടുതല്‍ നട്ടുവെച്ചിട്ടുള്ള ഭാഗത്തെത്തിയപ്പോള്‍ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാന്‍ പൊലീസ് അടയാളപ്പെടുത്തിയത്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അല്‍പ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്ബകം വളര്‍ന്ന് നില്‍ക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു. ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമന്‍ അടയാളപ്പെടുത്തി. നായ മണം പിടിച്ച് നില്‍ക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടെ പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുണ്ട്.