നരബലി: പ്രതികളേ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
നരബലി കേസിൽ പ്രതികളേ 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിന് ഇവരെ ഈ മാസം 24 വരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാകും.
നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടാതെ കൂടുതല്‍ ആള്‍ക്കാരെ പത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം എന്നും മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം എന്നും പോലീസ് കോടതിയെ അറിയിച്ചു. അതുപോലെ ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ഇവരെ ഈ മാസം 24 വരെ കസ്റ്റഡിയിൽ വിട്ടത്.
എന്നാൽ പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചു. അഡ്വ ആളൂര്‍ ആണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മനുഷ്യ മാസം ഭക്ഷിച്ചു എന്നുള്‍പ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിര്‍ബന്ധിച്ചു എന്നും, ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പോലീസ് പറഞ്ഞു എന്നും അഡ്വ ആളൂര്‍ വാദിച്ചു. എന്നാൽ പ്രതി ഭാഗത്തിന്റെ വാദങ്ങൾ കോടതി മുഖവിലയ്ക്ക് എടുത്തില്ല.