തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുന്നു: സീതാറാം യെച്ചൂരി
6 April 2024
സിപിഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ പ്രതികരണവുമായി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളതെന്നും അക്കൗണ്ട് മരവിപ്പിച്ചത് ഒരു കാരണവും ബോധിപ്പിക്കാതെയാണെന്നും യെച്ചൂരി പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് ക്രമക്കേടെന്ന തെളിവ് നൽകട്ടെയെന്ന് പറഞ്ഞ യെച്ചൂരി, എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു.
സുപ്രീംകോടതി ഇതുപോലെയുള്ള നീക്കങ്ങളിൽ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങൾ ബി ജെ പിക്ക് മറുപടി നൽകുമെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു.