കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

single-img
18 August 2023

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിതുര സ്വദേശി 37കാരൻ അജിത്ത് ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു.

കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും. സംശയ രോഗത്തിന്‍റെ പേരിൽ അജിത്തും ഭാര്യയും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു. പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതിനിടെ കണ്ണൂർ പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ അച്ഛനെ വീട്ടില്‍ കയറി വെട്ടി യുവാവ് അറസ്റ്റിലായി. തയ്യിൽ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. കൂട്ടുപ്രതി അഞ്ജിത്ത് ഒളിവിലാണ്. കഴിഞ്ഞ ദിവസം  പുലർച്ചെ 2 മണിക്കാണ് സംഭവം നടന്നത്. അക്ഷയും അഞ്ജിത്തും അരിയിലുള്ള രാജേഷിന്‍റെ വാടക വീട്ടിലെത്തി ഇയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി. മകളെ വിവാഹം ചെയ്ത് തരാത്തത് ചോദ്യം ചെയ്തു. പിന്നാലെ അക്ഷയ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

വീട്ടുകാർ ബഹളം വെച്ചതോടെ ബൈക്കിൽ രണ്ടുപേരും രക്ഷപ്പെട്ടു. ഒളിവിൽ പോയ അക്ഷയിയെ കണ്ണൂർ സിറ്റി പൊലീസാണ് പിടികൂടിയത്. തുടർന്ന് പെരിങ്ങോം പൊലീസിന് കൈമാറി. അക്ഷയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വെട്ടേറ്റ രാജേഷ് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.