ഹണിമൂണിന് ഗോവയ്ക്ക് പകരം ഭര്‍ത്താവ് കൊണ്ടുപോയത് അയോധ്യയിലേക്ക്; വിവാഹമോചനം തേടി ഭാര്യ

single-img
25 January 2024

വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ ആഘോഷിക്കാനായി ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം തീർഥാടന കേന്ദ്രങ്ങളായ അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധവുമായി യുവതി വിവാഹമോചനം ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് അഞ്ച് മാസം ആയപ്പോഴാണ് യുവതി ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഹണിമൂൺ യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തതെന്ന് ഫ്രീ പ്രസ് ജേര്‍ണൽ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു.എന്നാൽ വീട്ടിൽ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഹണിമൂണിന് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പകരം ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ സന്ദര്‍ശിക്കാമെന്ന് ഭര്‍ത്താവ് വാഗ്ദാനം നല്‍കി.

അതിനുശേഷം ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രയുടെ തലേദിവസം ഇയാള്‍ ഭാര്യയെ അറിയിച്ചു.

ആ സമയം യുവതി യാത്രയോട് എതിര്‍പ്പുയര്‍ത്തിയില്ല. പക്ഷെ , തീര്‍ത്ഥാടന സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.