അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍; പ്രതികരണവുമായി സൂരജ് സന്തോഷ്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനങ്ങൾ എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ സോഷ്യൽ മീഡിയ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. വിഷയത്തിൽ ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. കലാലോകത്തുനിന്ന് കേട്ട വിമര്‍ശന സ്വരങ്ങളിലൊന്ന് ഗായകന്‍ സൂരജ് സന്തോഷിന്റേതായിരുന്നു.
വിഗ്രഹങ്ങള്‍ ഇനിയും എത്രയോ ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിനു പിന്നാലെ സൂരജിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഇപ്പോൾ വിഷയത്തിൽ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗായകന്‍.
‘കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളര്‍ത്താന്‍ പറ്റുകയും ഇല്ല’, സൂരജ് സന്തോഷ് ഫേസ്ബുക്കില്‍ എഴുതി .