ഞാന്‍ വ്യാജവോട്ടറല്ല, ഒറിജിനല്‍ എന്ന പൂര്‍ണബോധ്യമുണ്ട്’; രേഖകളുമായി സൗമ്യ സരിന്‍
പാലക്കാട് വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് ഇടത് സ്ഥാനാർഥി പി. സരിന്‍റെ പങ്കാളി ഡോ. സൗമ്യ സരിന്‍. വോട്ടർ പട്ടികയിൽ പേര് ചേർത്തത് വ്യാജമായാണെന്ന് പറയുന്നത് കള്ളമാണെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണം നേരിടുന്നുവെന്നും സൗമ്യ മാധ്യമങ്ങളെ അറിയിച്ചു.
തിരുവില്വാമലക്കാരനായ സരിനും സൗമ്യയും പാലക്കാട് വ്യാജവോട്ട് ചേർത്തെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ആരോപണം. “എന്‍റെ വഴി രാഷ്ട്രീയമല്ല, രാഷ്ട്രീയം സംസാരിക്കാറുമില്ല. ഭർത്താവിന് വേണ്ടി ഇത് വരെ വോട്ട് പോലും ചോദിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണം നേരിടുന്നു. പ്രതികരിച്ചാല്‍ ഇരവാദം കൊണ്ട് വോട്ട് പിടിക്കാൻ നോക്കുന്നു എന്നാണ് കളിയാക്കൽ”, ഡോ. സൗമ്യ പറഞ്ഞു.
പാലക്കാട്ടെ കൃഷ്ണ എന്ന വീടിനെ സംബന്ധിക്കുന്ന രേഖകളും ഡോ. സൗമ്യ മാധ്യമങ്ങളെക്കാണിച്ചു. സ്വന്തം വീടിന്‍റെ പേരിൽ വോട്ടർ അപേക്ഷ നൽകിയാൽ എന്താണ് തെറ്റ്? ഈ വീട് വാങ്ങിയത് 2018ലാണെന്നും 2024ൽ വോട്ട് ചെയ്തത് ഒറ്റപ്പാലത്താണെന്നും സൗമ്യ പറഞ്ഞു. വീടിന്‍റെ ആധാരവും കരം അടച്ച രസീതും അടക്കമുള്ള രേഖകള്‍ സൗമ്യ മാധ്യമങ്ങളെ കാണിച്ചു.
സ്വന്തം വീടിന്റെ മേൽവിലാസത്തിലാണ് വോട്ടർ ഐഡി വന്നത്. വ്യാജന്മാർ എന്ന് മാധ്യമങ്ങളോട് പറയുമ്പോൾ കയ്യും കെട്ടി ഇരിക്കാൻ ആത്മാഭിമാനം സമ്മതിക്കില്ലെന്നും സൗമ്യ കൂട്ടിച്ചേർത്തു. തനിക്ക് പാലക്കാട് മാത്രമാണ് വോട്ട് ഉള്ളതെന്നും വേട്ടയാടലുകൾ തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. സൗമ്യ സരിന്‍ അറിയിച്ചു.