ഞാൻ ഇന്ത്യാക്കാരനാകുന്നത് ഏതെങ്കിലും മതത്തിൽ ജനിച്ചതുകൊണ്ടല്ല: എം മുകേഷ്

single-img
15 March 2024

പൗരത്വ നിയമഭേദഗതി രാജ്യത്തെ പൗരന്മാരെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് കൊല്ലം എംഎൽഎയും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയുമായ എം മുകേഷ് അറിയിച്ചു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് അതിൻ്റെ വൈവിധ്യങ്ങളുടെ മനോഹാരിതയിലാണ്. മഴവില്ല് പോലെ നിറച്ചാർത്തുകളുള്ള ഇന്ത്യൻ സമൂഹത്തെ ഒറ്റനിറമുള്ള ഒരു വിരസഭൂപടമാക്കി മാറ്റുന്നതിനുള്ള സംഘപരിവാറിൻ്റെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയുടെ ആദ്യ ചുവടുവെയ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിയിൽ ഒരു മതത്തെ ഒഴിവാക്കുമ്പോൾ അത് അവരുടെ മാത്രമായ പ്രശ്നമായല്ല നാം കാണേണ്ടത്. നാളെ അത് മറ്റൊരു മതമാകും. പിന്നീട് നമ്മുടെ പൗരത്വം ജാതിയുടെ അടിസ്ഥാനത്തിലാകും. അത്തരമൊരു ഇന്ത്യയിലേയ്ക്ക് നമ്മെ തിരികെ നടത്തുന്ന ഭേദഗതിയാണിത്.

ഞാനോ നിങ്ങളോ ഇന്ത്യൻ പൗരനാകുന്നത് നാം ജനിച്ച മതത്തിൻ്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല. മതം പൗരത്വത്തിനുള്ള മാനദണ്ഡമാക്കുന്നത് ഗാന്ധിയും നെഹ്രുവും അംബേദ്കറും വിഭാവനം ചെയ്ത ദേശരാഷ്ട്രത്തിൽ നിന്നും ഗോൾവാൾക്കർ കുത്തിക്കുറിച്ച മതാധിഷ്ഠിത ദേശീയതയിലേയ്ക്ക് നമ്മുടെ രാജ്യത്തെ മാറ്റുന്നതിനാണ്.

പൗരത്വ നിയമഭേദഗതിയെ എതിർക്കേണ്ടത് ഇന്ത്യൻ പൗരൻ എന്നനിലയിൽ നാം ഓരോരുത്തരുടെയും കടമയാണ്. ഇത്തരത്തിൽ വിവേചനപരമായ ഒരു നിയമം ഈ മണ്ണിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന നിലപാടിൽ നാം ഒരുമിച്ച് കൈകോർത്ത് നിൽക്കണമെന്നും മുകേഷ് ആവശ്യപ്പെട്ടു.