ഞാൻ പാര്‍ട്ടിയുടെ സൈനികന്‍ മാത്രം; അമേഠിയില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി: രാഹുൽ ഗാന്ധി

single-img
17 April 2024

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്, താന്‍ പാര്‍ട്ടിയുടെ സൈനികന്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി. യുപിയിലെ അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

അഞ്ചാംഘട്ടമായി മേയ് 20നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയാണ് എതിർ ചേരിയിൽ മത്സര രംഗത്തുള്ളത്. മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്.

തീരുമാനമെടുത്താല്‍ അവര്‍ എന്നെ അറിയിക്കും. ഞാന്‍ അത് അനുസരിക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരുടെ സ്ഥിരം മണ്ഡലമായിരുന്നു അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ജയിച്ചുപോന്ന മണ്ഡലമായിരുന്നു അമേഠി. പക്ഷെ , 2019ല്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഇവിടെ പരാജയപ്പെട്ടു. ആ സമയം രണ്ടിടങ്ങളില്‍ മത്സരിച്ച രാഹുല്‍ വയനാട്ടില്‍ നിന്നും ലോക്സഭയിലെത്തിയിരുന്നു.