ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്‍റെ ഫാന്‍സിനും വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുകയാണ്: ഷെയ്ൻ നിഗം
ഓൺലൈൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ചും അദ്ദേഹത്തിന്‍റെ സിനിമാ നിര്‍മ്മാണ കമ്പനിയെക്കുറിച്ചും നടത്തിയ പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ന്‍ നിഗം. കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞുള്ള അഭിമുഖമായിരുന്നു അതെന്നും അതിനിടെ വന്നുപോയതാണ് പ്രസ്തുത പരാമര്‍ശമെന്നും ഷെയ്ന്‍ പറഞ്ഞു.
പുതിയ സിനിമയായ ലിറ്റില്‍ ഹാര്‍ട്സിന്‍റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷെയ്ന്‍ ഈ വിഷയത്തില്‍ മാപ്പ് പറഞ്ഞത്. “ആ അഭിമുഖം പൂർണ്ണമായി കണ്ടവര്‍ക്ക് മനസിലായിട്ടുണ്ടാവും, സുഹൃത്തുക്കള്‍ തമാശയൊക്കെ പറഞ്ഞിരിക്കെ അറിയാതെ പറഞ്ഞുപോയി കുറച്ച് കാര്യങ്ങള്‍. അതിനെ വേറൊരു രീതിയില്‍ കാണാന്‍ പാടില്ലായിരുന്നു എന്നൊരു ചിന്ത ഉണ്ടായി.
അങ്ങനെ പറഞ്ഞപ്പോള്‍ ഉണ്ണി ചേട്ടനും ഉണ്ണി ചേട്ടന്‍റെ ഫാന്‍സിനും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുകയാണ്. ഉണ്ണി ചേട്ടന് ഞാന്‍ പേഴ്സണലി മെസേജ് അയച്ചിരുന്നു. ഒരാളെ വ്യക്തിപരമായി വേദനിപ്പിക്കാന്‍ കരുതിക്കൂട്ടി ചെയ്ത ഒരു കാര്യമല്ല”, ഷെയ്ന്‍ നിഗം പറഞ്ഞു.