ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് മനസിലാകുന്നില്ല; എയറിലായത് തന്റെ ഗതികേടെന്ന് ജോജു
താൻ സംവിധാനം ചെയ്ത ‘പണി’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. തന്റെ സിനിമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം റിവ്യൂ പോസ്റ്റ് ചെയ്ത എല്ലാവര്‍ക്കെതിരെയും പ്രതികരിക്കുകയല്ല താന്‍ ചെയ്തതെന്നും ആദര്‍ശിന്റെ കാര്യം മറ്റൊന്നാണെന്നും ജോജു ഒരു ചാനലിനോട് സംസാരിക്കവെ വിശദീകരിച്ചു.
ഒരാൾ ഇരുന്ന് വിവിധ ഗ്രൂപ്പുകളില്‍ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യു പറയുന്നു. അയാള്‍ പേഴ്‌സണല്‍ പോസ്റ്റില്‍ പോലും സിനിമ കാണരുതെന്ന് കമന്റ് ചെയ്തു. സ്‌പോയ്‌ലര്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഘട്ടത്തിലാണ് താന്‍ പ്രതികരിച്ചതെന്നും ജോജു പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളണമെന്ന് തനിക്കെതിരെ ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് മനസിലാകുന്നില്ലെന്ന് ജോജു പറയുന്നു.
അങ്ങിനെയാണെങ്കിൽ തന്റെ അവകാശങ്ങള്‍ അപ്പോള്‍ എവിടെ പറയുമെന്ന് ജോജു ചോദിച്ചു. സിനിമയ്‌ക്കെതിരെ ഒരുപാട് നെഗറ്റീവ് റിവ്യൂ വന്നു. അവയോടൊന്നും താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. ഇത് എയറിലായി. അത് തന്റെ ഗതികേടാണെന്നും ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആദര്‍ശും ജോജുവും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായങ്ങളാണ് ഉയരുന്നത്. വിമര്‍ശനങ്ങള്‍ ഏത് പരിധിവരെയാകാം, വിമര്‍ശനങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളണം എന്നിങ്ങനെ ചര്‍ച്ചകള്‍ നടക്കുകയാണ് .