പറഞ്ഞത് ചെയ്യില്ല എന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ട് എനിക്ക് നരേന്ദ്ര മോദിയെ വിശ്വാസമുണ്ട്: രഞ്ജി പണിക്കർ


‘എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്’ എന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കർ പറയുന്ന ഒരു വിഡിയോയും വാർത്തയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അദ്ദേഹം പറഞ്ഞ മുഴുവൻ വാക്കുകളും കേട്ടാൽ മാത്രമേ മോദിക്കെതിരെ അദ്ദേഹം ഉയർത്തിയ ഒരു വലിയ വിമർശനവും ട്രോളുമാണ് ഇതെന്ന് മനസിലാകൂ.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ചെയ്യില്ലെന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് തനിക്ക് അദ്ദേഹത്തെ വിശ്വാസമാണെന്ന് പറയുന്നതെന്നാണ് രഞ്ജി പണിക്കർ പറയുന്നത്.
രഞ്ജി പണിക്കരുടെ വാക്കുകൾ ഇങ്ങിനെ :
എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിന് മുമ്പും പ്രധാനമന്ത്രി ആയതിന് ശേഷവും പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അദ്ദേഹം പറഞ്ഞത്, വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കപെട്ട കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നായിരുന്നു. എന്നാല്‍ കൊണ്ടുവന്നില്ല.
നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്തുമെന്ന് നരേന്ദ്ര മോദി നമ്മളോട് പറഞ്ഞു. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. എന്നാല്‍ നരേന്ദ്ര മോദി ജീവിച്ചിരിപ്പുണ്ട്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായില്ല എന്ന് മാത്രമല്ല, ലോകത്തെ സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാം. നരേന്ദ്ര മോദി പറഞ്ഞത് ചെയ്യില്ല എന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്ക് നരേന്ദ്ര മോദിയെ വിശ്വാസമാണെന്ന് ഞാന്‍ പറയുന്നത്.