രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല: ബിജെപി എംപി ഹേമമാലിനി
പാർലമെന്റിലെ രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി എംപി ഹേമമാലിനി. രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോൺഗ്രസ് എംപി ഫ്ലയിങ് കിസ് നൽകിയെന്നാരോപിച്ച് ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു.
മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ രൂക്ഷ പ്രസംഗം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്ക് ഫ്ലയിംഗ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. വിവാദത്തിന് തിരികൊളുത്താൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് ഹേമമാലിനിയുടെ പ്രതികരണം വന്നിരിക്കുന്നത്.
രാഹുൽ സഭയിൽ ഫ്ലയിങ് കിസ് നൽകുന്നത് കണ്ടോ? അത് അനുചിതമോ അശ്ലീലമോ ആണെന്ന് തോന്നിയോ? എന്ന ചോദ്യത്തോട് ‘എനിക്കറിയില്ല, ഞാൻ അത് കണ്ടില്ല’ എന്നായിരുന്നു ബിജെപി എംപിയുടെ മറുപടി. അതേസമയം സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസും രംഗത്തുവന്നു. രാഹുൽ ഗാന്ധി ട്രഷറി ബെഞ്ചുകളിലേക്കാണ് ആംഗ്യം കാണിച്ചതെന്നും അത് സഭയിലെ ഒരു മന്ത്രിക്കും നേരെയല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.