എനിക്ക് ട്രംപിനെക്കുറിച്ച് ഒരു അഭിപ്രായവുമില്ല: ജോ ബൈഡൻ
മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോർക്ക് ഗ്രാൻഡ് ജൂറിയുടെ കുറ്റപത്രത്തിൽ പ്രസിഡന്റ് ജോ ബൈഡൻ മൗനം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ വൈറ്റ് ഹൗസിൽ നിന്ന് മിസിസിപ്പിയിലേക്കുള്ള യാത്രയ്‌ക്ക് പുറപ്പെടുമ്പോൾ റിപ്പോർട്ടർമാർ കോടതിയുടെ നടപടിയെക്കുറിച്ച് ബൈഡനോട് ഒന്നിലധികം തവണ ചോദിച്ചെങ്കിലും ‘ഇല്ല. ട്രംപ് കുറ്റപത്രത്തെക്കുറിച്ച് ഞാൻ സംസാരിക്കാൻ പോകുന്നില്ല” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മാധ്യമ പ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ എനിക്ക് ട്രംപിനെക്കുറിച്ച് ഒരു അഭിപ്രായവുമില്ലെന്നായിരുന്നു മറുപടി .അതേസമയം, ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ പ്രസിഡന്റ് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചതിനുശേഷം ബൈഡൻ ട്രംപിന്റെ നിയമപ്രശ്നങ്ങളെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല.
അമേരിക്കയുടെ അടുത്ത പ്രസിഡന്റ് കസേര സ്വപ്നം കണ്ട് നടക്കുന്ന ട്രംപ് ജയിലില്‍ കിടക്കേണ്ട ഗതികേടിലേക്കാണു നീങ്ങുന്നത്. സ്റ്റോമിയുമായുള്ള ഇടപാട് പുറംലോകം അറിയാതിരിക്കാന്‍ നല്ലൊരു തുക ട്രംപിന് ചെലവാക്കേണ്ടി വന്നു.ഈ തുകയെച്ചൊല്ലിയള്ള തര്‍ക്കമാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയ മൻഹട്ടൻ കോടതി നടപടിയിലേക്കു നയിച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു യുഎസ് പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുകയും ചെയ്തിരിക്കുകയാണ്.