നിങ്ങള്‍ക്ക് തമിഴ്‌നാടിനെ വലിയ ഇഷ്ടമാണെന്നറിയാം; ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാം; രാഹുൽ ഗാന്ധിക്ക് വിവാഹ വാഗ്‌ദാനവുമായി തമിഴ് തൊഴിലാളികൾ

single-img
11 September 2022

കന്യാകുമാരി: സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള ആളുകളുമായി സംവദിച്ചാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുമ്ബോട്ടു പോകുന്നത്.

കര്‍ഷകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാഹുല്‍ സംസാരിക്കുന്ന ആളുകള്‍ നിരവധി. യാത്രയാരംഭിച്ച തമിഴ്‌നാട്ടില്‍ രാഹുലിന് നേരിട്ട രസകരമായ അനുഭവം പങ്കുവയ്ക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്.

ശനിയാഴ്ച ഉച്ച തിരിഞ്ഞ് കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി സംസാരിക്കവെയാണ് സംഭവം. കോണ്‍ഗ്രസ് നേതാവുമായുള്ള സംസാരം മുമ്ബോട്ടു പോകവെ, ഒരു വിവാഹാലോചനയാണ് തൊഴിലാളികള്‍ മുമ്ബോട്ടു വച്ചത്. ‘നിങ്ങള്‍ക്ക് തമിഴ്‌നാടിനെ വലിയ ഇഷ്ടമാണെന്നറിയാം. ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാം’ എന്നായിരുന്നു അവരുടെ വാഗ്ദാനമെന്ന് ജയ്റാം രമേശ് ട്വീറ്റു ചെയ്തു. രാഹുലിന് ആ ചോദ്യം ഏറെ ഇഷ്ടമായെന്നും ഈ ഫോട്ടോ അതാണ് കാണിക്കുന്നതെന്നും സംഭവത്തില്‍ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, തമിഴ്‌നാട്ടിലെ പര്യടനം കഴിഞ്ഞ രാഹുല്‍ ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിലെത്തി. കെപിസിസി, എഐസിസി ഭാരവാഹികളും എംപിമാരും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.

കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്ബൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.