നരേന്ദ്രമോദിയെ വിശ്വസിച്ചതില്‍ ക്ഷമ ചോദിക്കുന്നു : കെ സുധാകരന്‍
ഒരിക്കലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വസിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കെപിസിസി പേറ്റസിഡന്റ് കെ സുധാകരന്‍. ഇന്ത്യന്‍ പാര്‍ലമെന്റിനെ അങ്ങനെ ബഹുമാനിക്കുന്ന നേതാവാണ് മോദിയെന്ന് മനസ്സില്‍ തെറ്റായി ധരിച്ചുപോയി. ഈ കൊച്ചുകാലം അങ്ങനെ ചിന്തിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്റെ വിശ്വാസ പ്രമാണത്തില്‍ ഞാന്‍ ക്ഷമചോദിക്കുകയാണ്- കെ സുധാകരൻ പറഞ്ഞു.
കെ സുധാകരന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍–
ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും ഞാനും നിങ്ങളും പ്രതീക്ഷിക്കാത്ത, ആഗ്രഹിക്കാത്ത ജനന്മയില്ലാത്ത സര്‍ക്കാരുകളാണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളത്. ജനാധിപത്യമാണെങ്കില്‍ പോലും ജനങ്ങളുടെ താല്‍പര്യങ്ങളും വികാരങ്ങളും വിചാരങ്ങളും ഉള്‍കൊള്ളാന്‍ സാധിക്കാത്ത രണ്ട് സര്‍ക്കാരുകളാണ് കേരളും കേന്ദ്രവും ഭരിക്കുന്നത്. ഏക ഛത്രാധിപതികളെ പോലെ അവിടെ മോദിയും ഇവിടെ പിണറായിയുമാണ്. രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ട് മുഖം പോലെ കാഴ്ച്ചപ്പാടിലെല്ലാം സമന്മാരാണ്. ധിക്കാരത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, അഹങ്കാരത്തോടെയുള്ള പ്രതികരണങ്ങള്‍, തീരുമാനമെടുക്കല്‍, അതിന്റെ ജനാധിപത്യ വശം ചിന്തിക്കാത്തവര്‍. അവര്‍ നിശ്ചയിച്ചിരിക്കുന്നത് അടിച്ചേല്‍പ്പിക്കുകയാണ് ഇവിടെ.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയില്ല. ചര്‍ച്ചയില്ലാത്ത പാര്‍ലമെന്റായി മാറി. നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതിന് മുമ്പ്, എംപിയായതിന് ശേഷം ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് എത്തി ആദ്യ ദിവസം കടന്നു വന്നപ്പോള്‍ എനിക്ക് ഓര്‍മയുണ്ട്, അദ്ദേഹം പ്രധാന കവാടത്തില്‍ വന്ന് ചെരിപ്പഴിച്ചുവെച്ച് പ്രണമിച്ച് എഴുന്നേറ്റ് തൊഴുത്, എന്നിട്ട് ചപ്പലിട്ട് അകത്തേക്ക് കയറി വന്നപ്പോള്‍ ഞാന്‍ ധരിച്ചു, ഇദ്ദേഹം വലിയ ജനാധിപത്യ വിശ്വാസിയാണെന്ന്. ഇന്ത്യന്‍ പാര്‍ലമെന്റിനെ അങ്ങനെ ബഹുമാനിക്കുന്ന നേതാവാണ് മോദിയെന്ന് മനസ്സില്‍ തെറ്റായി ധരിച്ചുപോയി. ഈ കൊച്ചുകാലം അങ്ങനെ ചിന്തിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്റെ വിശ്വാസ പ്രമാണത്തില്‍ ഞാന്‍ ക്ഷമചോദിക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊറ്റില്ലമെന്ന് പറയുന്ന പാര്‍ലമെന്റിന്റെ അകത്ത് ഇന്ത്യയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാവാറുണ്ട്. പ്രദേശിക വിഷയം പോലും ചര്‍ച്ചയ്ക്ക് വരും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ വന്നാല്‍ പാര്‍ലമെന്റ് കഴിയുന്നത് വരെ അവിടെയുണ്ടാവും. ഏത് പ്രശ്നം വന്നാലും മറുപടി പറയാന്‍ സങ്കോജമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന മോദി ഇപ്പോള്‍ പാര്‍ലമെന്റില്‍ വരാറില്ല. അപൂര്‍വ്വ സന്ദര്‍ശകനാണ്. വന്നാല്‍ 15 മിനിറ്റ് ഇരുന്ന് മൂളിപ്പാട്ടും പാടി ഇറങ്ങി പോകും. ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ സമയമില്ല. ജനാധിപത്യവിരുദ്ധമായി ഏകഛത്രാധിപതിയായ നരേന്ദ്രമോദിക്ക് തുല്ല്യനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍,.