ദൈവം തിരഞ്ഞെടുത്തതിനാലാണ് ഞാൻ ഇങ്ങനെ ജനിച്ചത്: മെസ്സി
തന്റെ ഈ ജന്മം ദൈവം തിരഞ്ഞെടുത്തതാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം 37 വയസ് തികഞ്ഞ അര്‍ജന്റൈന്‍ നായകന്‍ ഇപ്പോൾ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി യുഎസിലാണ് . അവിടെവെച്ചു അര്‍ജന്റൈന്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു തന്റെ കഴിവുകളെക്കുറിച്ച് മെസ്സി പ്രതികരിച്ചത്.
‘ദൈവം തിരഞ്ഞെടുത്തതിനാലാണ് ഞാൻ ഇങ്ങനെ ജനിച്ചതെന്ന് വളരെ വ്യക്തമായ കാര്യമാണ്. ദൈവം എനിക്ക് തന്ന സമ്മാനമായാണ് എന്റെ കഴിവുകളെ ഞാന്‍ കാണുന്നത്. ആ കഴിവുകളുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാവുന്നതെല്ലാം ഞാന്‍ ചെയ്തുവെന്ന് മാത്രം.
ഇതിൽ സത്യമെന്താണെന്നാല്‍ എല്ലാം ചെയ്തിട്ടും ഒരു കളിക്കാരന്‍ ആവാന്‍ പ്രത്യേകിച്ച് ഒന്നും ഞാന്‍ ചെയ്തിട്ടില്ല. കാരണം ചെറുപ്പം മുതലേ ഞാന്‍ ഇങ്ങനെ തന്നെ ആയിരുന്നു . ഞാന്‍ എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരുന്നു.
പലപ്പോഴും ആളുകള്‍ ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണുന്നതിനായി മാത്രം വന്നു. ആദ്യമൊന്നും എനിക്ക് അത് മനസ്സിലായിരുന്നില്ല. എന്നാൽ വളരുന്തോറും ഞാന്‍ അക്കാര്യം മനസ്സിലാക്കിത്തുടങ്ങി. എനിക്ക് മൂന്നോ നാലോ വയസ്സുണ്ടായിരുന്നപ്പോള്‍ ലോകകപ്പിനെക്കുറിച്ചോ മറ്റു കിരീടങ്ങളെക്കുറിച്ചോ എനിക്ക് അറിയില്ലായിരുന്നു. ആ പന്ത് ഇഷ്ടപ്പെട്ടാണ് ഞാന്‍ വെറുതെ തട്ടിക്കളിച്ച് തുടങ്ങിയത്. എല്ലാ അര്‍ജന്റീനക്കാരെയും പോലെ ആദ്യം മുതലേ എനിക്ക് ഫുട്‌ബോള്‍ ഇഷ്ടമായിരുന്നു’, മെസ്സി കൂട്ടിച്ചേര്‍ത്തു.