പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ജീവിച്ചിരിക്കും: മല്ലികാർജുൻ ഖാർഗെ
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ അസുഖബാധിതനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് “നീക്കം” ചെയ്യുന്നതുവരെ മരിക്കില്ലെന്ന് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട പ്രചാരണത്തിൻ്റെ അവസാന ദിവസം ഒരു വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഖാർഗെക്ക് തലകറക്കം അനുഭവപ്പെട്ടത്. പാർട്ടി നേതാക്കൾ അദ്ദേഹത്തെ ഒരു കസേരയിലേക്ക് നയിച്ചു.
കുറച്ച് സമയത്തിന് ശേഷം, ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു, അദ്ദേഹത്തിൻ്റെ രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുണ്ടെന്ന് പറഞ്ഞു. “സംസ്ഥാനത്വം പുനഃസ്ഥാപിക്കാൻ ഞങ്ങൾ പോരാടും. എനിക്ക് 83 വയസ്സായി. ഞാൻ ഇത്ര നേരത്തെ മരിക്കാൻ പോകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ജീവിച്ചിരിക്കും.”- പിന്നീട്, വേദിയിൽ തിരിച്ചെത്തിയ ഖാർഗെ പറഞ്ഞു.
“എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ തലകറക്കം കാരണം ഞാൻ ഇരുന്നു. എന്നോട് ക്ഷമിക്കൂ,” അദ്ദേഹം പറഞ്ഞു. ഖാർഗെയുടെ രക്തസമ്മർദ്ദം കുറഞ്ഞുവെന്നും കൂടുതൽ സുഖം തോന്നുന്നുണ്ടെങ്കിലും വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇന്ന് വൈകുന്നേരം ഉധംപൂർ ജില്ലയിൽ നടക്കാനിരിക്കുന്ന റാലിയിൽ പങ്കെടുക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണച്ച് നടത്തിയ റാലിയെ അഭിസംബോധന ചെയ്യാൻ ഖാർഗെ ജസ്രോതയിലേക്ക് പറന്നിരുന്നു. ഒക്‌ടോബർ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ഇന്ന് പ്രചാരണത്തിൻ്റെ അവസാന ദിവസമാണ്.