പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും കോൺഗ്രസ് വിട്ട് ഞാൻ പോകില്ല: കെ മുരളീധരൻ
പാർട്ടിയിൽ നിന്ന് പുറത്താക്കിയാലും താൻ കോൺഗ്രസ് വിട്ട് പോകില്ലെന്ന് കെ മുരളീധരൻ. മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ലെന്നും വയനാട് കെപിപിസിസി എക്സിക്യൂട്ടിവിൽ തൃശൂർ പരാജയം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .
പരാജയം ചർച്ച ചെയ്യാതിരിക്കാനാണ് താൻ അതിൽ പങ്കെടുക്കാതിരുന്നത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സജീവമായി പ്രചാരണത്തിനുണ്ടാകും. അതേപോലെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ പി സി വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലും സജീവമായി പ്രവർത്തിക്കുമെന്നും കെ മുരളീധരൻ അറിയിച്ചു .
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയായതുകൊണ്ടാണ് ഇന്ന് കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഓടി നടന്ന് പ്രസംഗിച്ചാലൊന്നും കോൺഗ്രസ് പാർട്ടി നന്നാവില്ല. കെ സുധാകരന് കണ്ണൂരും രമേശിന് കോഴിക്കോടും നൽകിയത് നല്ല തീരുമാനമാണ്, ഇങ്ങനെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
രാത്രിയിൽ ഇരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പാലോട് രവിക്ക് എതിരെയുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ അദ്ദേഹം പ്രതികരിച്ചു. ടി എൻ പ്രതാപനും ഷാനി മോൾ ഉസ്മാനും വയനാട് ക്യാമ്പിൽ തനിക്കെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ലെന്ന് അവർ തന്നെ രാവിലെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു .