ഓവറുകൾക്കിടയിലുള്ള സമയം നിയന്ത്രിക്കും; പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ക്ലോക്ക് അവതരിപ്പിക്കാൻ ഐസിസി
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ റിലീസനുസരിച്ച് പുരുഷന്മാരുടെ ഏകദിന, ടി20 ഐ ക്രിക്കറ്റിൽ ഓവറുകൾക്കിടയിൽ സ്റ്റോപ്പ് ക്ലോക്കുകൾ ഉപയോഗിക്കും . ഓവറുകൾക്കിടയിലുള്ള സമയം നിയന്ത്രിക്കുന്നതിനായി 2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെ പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് ക്ലോക്കുകൾ അവതരിപ്പിക്കുന്നത്.
“മുമ്പത്തെ ഓവർ പൂർത്തിയാക്കി 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ എറിയാൻ ബൗളിംഗ് ടീം തയ്യാറായില്ലെങ്കിൽ, ഒരു ഇന്നിംഗ്സിൽ ഇത് മൂന്നാം തവണ സംഭവിക്കുമ്പോൾ 5 റൺസ് പെനാൽറ്റി ചുമത്തപ്പെടും,” ഐസിസി പ്രസ്താവനയിൽ പറയുന്നു.
ഇതോടൊപ്പം പിച്ച്, ഔട്ട്ഫീൽഡ് മോണിറ്ററിംഗ് ചട്ടങ്ങളിലെ മാറ്റങ്ങളും ബോർഡ് അംഗീകരിച്ചു. “ഒരു പിച്ച് വിലയിരുത്തുന്ന മാനദണ്ഡങ്ങളുടെ ലഘൂകരണവും ഒരു വേദിയുടെ അന്താരാഷ്ട്ര പദവി അഞ്ച് വർഷ കാലയളവിൽ അഞ്ച് ഡീമെറിറ്റ് പോയിന്റുകളിൽ നിന്ന് ആറ് ഡീമെറിറ്റ് പോയിന്റുകളാക്കി മാറ്റാനുള്ള പരിധി വർദ്ധിപ്പിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.
വനിതാ മാച്ച് ഒഫീഷ്യൽസിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനായി, കമ്മിറ്റി ഇപ്പോൾ 2024 ജനുവരി മുതൽ പുരുഷ-വനിതാ ക്രിക്കറ്റിൽ ഉടനീളം ഐസിസി അമ്പയർമാർക്ക് മാച്ച് ഡേ വേതനം തുല്യമാക്കി. ഇത് കൂടാതെ, എല്ലാ ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് പരമ്പരയിലും ഒരു ന്യൂട്രൽ അമ്പയർ ഉണ്ടായിരിക്കും.