സ്ത്രീകൾക്ക് അമ്മയാകാൻ അനുയോജ്യമായ പ്രായം 22നും 30നുമിടയിൽ: അസം മുഖ്യമന്ത്രി

single-img
28 January 2023

സ്ത്രീകൾക്ക് അമ്മയാകാൻ ഏറ്റവും അനുയോജ്യമായ പ്രായം 22നും 30നുമിടയിലാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. മറ്റുള്ള പ്രായത്തിലുള്ളവർ ​ഗർഭം ധരിക്കുന്നത് ആരോ​ഗ്യപരമായ സങ്കീർണതകളിലേക്ക് നയിക്കുമെന്നതിനാലാണ് ഇത് പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യിക്കുന്നതും ശരിയായ പ്രായമെത്താതെ ​ഗർഭം ധരിക്കുന്നതും അവസാനിപ്പിക്കണമെന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

വർദ്ധിച്ചുവരുന്ന ശൈശവ വിവാഹങ്ങളും പ്രായപൂർത്തിയാകാത്ത മാതൃത്വവും തടയുന്നതിന് കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമം ശക്തമാക്കുകയും കൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

14 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്, അങ്ങനെ ചെയ്യുന്നത് ഭർത്താവാണെങ്കിലും. അടുത്ത അഞ്ച് ആറ് മാസത്തിനുള്ളിൽ ആയിരക്കണക്കിന് ഭർത്താക്കന്മാർ അറസ്റ്റിലാകും. ഒരു സ്ത്രീയുടെ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സാണ്, അതിലും പ്രായം കുറഞ്ഞ പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കേണ്ടിവരും. അദ്ദേഹം പറഞ്ഞു.