തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ പെരിയാർ പ്രതിമകൾ നീക്കും: അണ്ണാമലൈ


ബിജെപി തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാറിന്റെ പ്രതിമകൾ നീക്കം ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥനത്തെ ശ്രീരംഗത്ത് നടന്ന റാലിക്കിടെയായിരുന്നു അണ്ണാമലൈയുടെ പ്രഖ്യാപനം.
1967-ൽ ഡിഎംകെ പാർട്ടി അധികാരമേറ്റതിന് ശേഷം ഈ രീതിയിൽ നിരവധി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ‘ദൈവങ്ങളെ പിന്തുടരുന്നവർ വിഡ്ഢികൾ, ദൈവത്തിൽ വിശ്വസിക്കുന്നവർ കബളിപ്പിക്കപ്പെട്ടു, അതിനാൽ ദൈവത്തെ ആരാധിക്കരുത്” എന്ന പെരിയാർ ഉദ്ധരണികൾ ആലേഖനം ചെയ്ത ഫലകങ്ങളാണ് തമിഴ്‌നാട്ടിലെ നിരവധി ക്ഷേത്രങ്ങൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഈ വാഗ്ദാനം നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു. ഇന്ന്, ശ്രീരംഗത്തിന്റെ നാട്ടിൽ നിന്ന്, ബിജെപി നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ ആദ്യ ജോലി അത്തരം പ്രതിമകൾ പിഴുതെടുക്കുമെന്നതാണ്. ആൾവാരുടെയും നായനാർമാരുടെയും പ്രതിമകളും, വിശുദ്ധ തിരുവള്ളുവരുടെ പ്രതിമയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും സ്ഥാപിക്കും. ശ്രീരംഗത്തെ ക്ഷേത്രങ്ങളുടെ പുറത്ത് പെരിയാറിന്റെ ഇത്തരം പ്രതിമകൾ കണ്ടുവരുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.