ഡൽഹിയിൽ അഴിമതിക്കാർ ബിജെപിയിലും കേരളത്തിൽ ക്രിമിനലുകൾ സിപിഎമ്മിലും ചേർന്നാൽ പരിശുദ്ധരായി മാറും: വിഡി സതീശൻ


ഡൽഹിയിൽ അഴിമതിക്കാർ ബിജെപിയിലും കേരളത്തിൽ ക്രിമിനലുകൾ സിപിഎമ്മിലും ചേർന്നാൽ അവർ പരിശുദ്ധരായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് 12 ക്രിമിനൽ കേസിൽ ഉൾപ്പെട്ട്, കാപ്പ കേസുകളിൽ പ്രതിയായ ഒരു ക്രിമിനലിനെ മാലയിട്ട് സിപിഎമ്മിലേക്കു സ്വീകരിച്ചത്.
ഈ പ്രതിയോടൊപ്പം 62 പേരാണ് സിപിഎമ്മിൽ ചേർന്നത്. അതിൽ ഒരാളായ മൈലാടുംപാറ സ്വദേശിയെ ബുധനാഴ്ച കഞ്ചാവുമായി എക്സൈസ് പിടികൂടി. നേരത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ഉടമയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയിൽ കേസെടുത്തു. സർക്കാരിനു പണം നൽകണമെന്ന് ഇപ്പോഴും ഒരു ബാർ ഉടമ വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവെന്ന നിലയിൽ താനും പരാതി നൽകി.
എന്നാൽ ആ പരാതി പൊലീസ് മാറ്റിവച്ചു. ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ പറയേണ്ട കാര്യങ്ങളാണു ചട്ടം 300 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവന. 3 വർഷമായി പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി തുറന്നു സമ്മതിച്ചു.
സ്വർണത്തിൽ ആയിരക്കണക്കിനു കോടിയുടെ വെട്ടിപ്പാണു നടക്കുന്നത്. ഐജിഎസ്ടിയിൽ 25000 കോടി രൂപ നഷ്ടപ്പെടുത്തിയെന്നു പ്രതിപക്ഷമല്ലേ ആദ്യം പറഞ്ഞത്. ഇപ്പോൾ അത് 30000 കോടിയായെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.