ഇക്കുറിയും കേരളത്തിൽ അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ സുരേന്ദ്രൻ തെറിക്കും
കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു എം.പിയെ എങ്കിലും വിജയിപ്പിക്കാൻ കഴിയുക എന്നത്, സംഘപരിവാർ സംഘടനകളുടെ നീണ്ടകാലത്തെ ആഗ്രഹമാണ് . രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകൾ ഉള്ള കേരളത്തിൽ ബി.ജെ.പി ഇതുവരെ അക്കൗണ്ട് തുറക്കാതിരുന്നതിൽ ആർഎസ്എസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്.
പ്രധാനമന്ത്രി മോദിയേക്കാൾ കൂടുതൽ തവണ കേരള സന്ദർശനം നടത്തിയതും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ തിരിച്ചടിയേറ്റാൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലും വൻ പൊളിച്ചെഴുത്ത് നടക്കും.
ഇക്കുറി പ്രധാനമായും തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ പുലർത്തുന്നത്. ഇതിൽ ഒന്നെങ്കിലും നേടാൻ കഴിഞ്ഞില്ലങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ നാണക്കേടാകും.
സുരേഷ് ഗോപിയുടെ വിജയം മുൻ നിർത്തി നിരവധി തവണയാണ് തൃശൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നത്. അവസാനം സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടത്തി കൊടുക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. രാജ്യത്തെ മറ്റൊരു വിവാഹ ചടങ്ങലും മോദിയെ ഈ രൂപത്തിൽ ആ പാർട്ടിയുടെ നേതാക്കൾ പോലും കണ്ടിട്ടില്ല.
തൃശൂരിനൊപ്പം തിരുവനന്തപുരത്തും അവർക്ക് പ്രതീക്ഷ ഏറെയാണ്. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ പന്ന്യൻ രവീന്ദ്രൻ കൂടുതൽ വോട്ടുകൾ പിടിക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി അതിൽ നല്ലൊരു വിഭാഗവും ശശി തരൂരിന്റെ പെട്ടിയിൽ നിന്നാവുമെന്നാണ് കരുതുന്നത്. പക്ഷെ ഈ രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷവും വലിയ ആത്മവിശ്വാസത്തിലാണ് ഉള്ളത്.