പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള പോക്കിന് തടയിടും; ശശി തരൂർ
ഗുവാഹത്തി: കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള പോക്കിന് തടയിടുമെന്ന് ശശി തരൂര്‍.
ഇതാണ് തന്റെ മുന്നിലുള്ള ആദ്യ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ച ആളുകള്‍ ഗാന്ധി കുടുംബത്തിന് എതിരല്ല. അവര്‍ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഗാന്ധി കുടുംബം എപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. ആര് തെരഞ്ഞെടുപ്പില്‍ ജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണെന്ന മനോഭാവത്തോടെയാണ് താനും ഖാര്‍ഗെയും കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
ഖാര്‍ഗെക്കൊപ്പം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഖാര്‍ഗെ എവിടെ പോകുമ്ബോഴും മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാല്‍, താന്‍ എവിടെ പോവുമ്ബോഴും സാധാരണ ജനങ്ങളാണ് കൂടെയുള്ളതെന്നും തരൂര്‍ പറഞ്ഞു.
പുതിയ പ്രസിഡന്റിന് കീഴില്‍ കോണ്‍ഗ്രസ് വീണ്ടും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. 2024 പൊതുതെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ള ദൗത്യം. ദേശീയതലത്തില്‍ സഖ്യം രൂപീകരിക്കുകയെന്നതും പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. യുവനേതാക്കളില്‍ നിന്നും തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഖാര്‍ഗെ എന്റെ കൂടി നേതാവാണ്. ഞങ്ങള്‍ ശത്രുക്കളല്ല. കോണ്‍ഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു