ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്ക് : കെ സി വേണുഗോപാൽ


ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീകൾക്ക് നൽകുമെന്നും ഇന്ന് സ്ത്രീകൾക്ക് ലഭ്യമല്ലാത്ത അവകാശങ്ങളും നടപ്പിലാക്കാൻ മുന്നിൽ നിൽക്കുമെന്നും ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി വേണുഗോപാൽ. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും കാണാനാവാത്ത ഭരണകർത്താക്കളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരം വീണ്ടെടുത്ത കർണ്ണാടകയിലും തെലങ്കാനയിലും പ്രകടന പത്രികയിൽ പറഞ്ഞ പ്രധാന കാര്യങ്ങൾ എല്ലാം തന്നെ നടപ്പാക്കിയിട്ടുണ്ട് മുന്നണി അധികാരത്തിൽ വന്നാൽ കേന്ദ്രത്തിലും ഇത് തുടരുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് പാർലമെന്റ് തല മഹിളാ ന്യായ് മഹിളാ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ ന്യായിലുള്ള ഒരു വർഷം ഒരു ലക്ഷം രൂപ ഒരു സ്ത്രീക്ക് നൽകുന്ന പദ്ധതി ഉൾപ്പെടെ അഞ്ചു ഗ്യാരന്റികൾ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും കെ.സി ഉറപ്പ് നൽകി. സൗഹൃദവും സ്നേഹവുമുള്ള മനുഷ്യരെ തമ്മിലടിപ്പിക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ അവസാന തിരഞ്ഞെടുപ്പാകാൻ പാടില്ല. 10 വർഷം ആയി ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയെ വീണ്ടെടുക്കാൻ ഉള്ള തെരഞ്ഞെടുപ്പാണിത്. അതിന് സ്ത്രീ സമൂഹം മുന്നിൽ നിന്ന് പ്രവർത്തിക്കണമെന്നും കെ.സി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. പുതിയ വികസനങ്ങൾ കൊണ്ട് വരുമെന്നും കെ സി പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ അധ്യക്ഷയായി.
രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഡി.സി.സി പ്രസിഡന്റ് ബി ബാബു പ്രസാദ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മെത്തർ, യു.ഡി.എഫ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ ഷുക്കൂർ, യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ.എം നസീര്‍, മറിയ ഉമ്മൻ, എം ജെ ജോബ്, അജയ് തറയിൽ, ബീന കൊച്ചുവാവ, ആശ മുരുകൻ, ബീന റസാഖ് തുടങ്ങിയവർ പങ്കെടുത്തു.