ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേന്ദ്ര മന്ത്രിയാകും; അതിനുള്ള യോഗ്യതയുണ്ട്: രമേശ് ചെന്നിത്തല

single-img
15 April 2024

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ കെപിസിസി മുന്‍ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ മുരളീധരന്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫിനായിരിക്കും വിജയമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിൽ ഇത്തവണ ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മോദി വീണ്ടും വരാനുള്ള സാധ്യതയില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു മോദി തരംഗവും ഇന്ത്യയിലില്ല. 2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണമുണ്ടായിട്ടും യുപിഎയാണ് അധികാരത്തിലെത്തിയത്. സമാനമാണ് കാര്യങ്ങള്‍. ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയാണന്നു ജനങ്ങള്‍ക്കറിയാം. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം തെളിഞ്ഞുവരികയാണ്.

പലസ്ഥലങ്ങളിലും കൂടുതൽ സീറ്റുകള്‍ ലഭിക്കും. മോദി എത്ര തവണ കേരളത്തില്‍ വരുന്നുവോ അത്രയും കോണ്‍ഗ്രസിന് വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു കോണ്‍ഗ്രസ് മാത്രമാണ് ബിജെപിക്കെതിരായ മതേതര ശക്തി. കേരളത്തില്‍ മാത്രമുള്ള എല്‍ഡിഎഫിനു വോട്ട് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങള്‍ക്കറിയാം.

കേരളത്തിലെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരേപോലെ വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മതവിഭാഗങ്ങളെ കൂട്ടുപിടിക്കാനാണവര്‍ ശ്രമിക്കുന്നത്. എസ്ഡിപിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. അവരുടെ വോട്ടും വേണ്ട എന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്നാല്‍ പിഡിപിയുടെ പിന്തുണ വേണ്ടെന്നു ഇതുവരെയും സിപിഎം പറഞ്ഞിട്ടില്ല.

കേരളത്തിലെ സര്‍ക്കാരിനെ വിലയിരുത്തുന്നവര്‍ എല്‍.ഡി.എഫിനു വോട്ട് ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, പെന്‍ഷനില്ല. 52 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ പോലുമില്ല. യാതൊരു വികസനപ്രവര്‍ത്തനവും നടക്കുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. അതുകൊണ്ട് ഭരണനേട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല.

പകരം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനേ അദ്ദേഹത്തിനു നേരമുള്ളൂ. എന്നാല്‍ മോദിയുടെ പേരു പറഞ്ഞ് ഒരു വിര്‍ശനം പോലുമില്ല. രാഹുല്‍ഗാന്ധി ഇന്ത്യാമുന്നണിയുടെ മുഖമാണ്. രാഹുലിനെ വിമര്‍ശിക്കുന്നതുവഴി മോദിയെ തൃപ്തിപ്പെടുത്താനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.