കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കില്‍ അവരെയും പിണറായി വൈസ് ചാന്‍സലര്‍ ആക്കിയേനേ; ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിന്‍സില്‍ പ്രതികരിച്ച് പി സി ജോര്‍ജ്
കോട്ടയം : ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിന്‍സില്‍ പ്രതികരിച്ച് പി സി ജോര്‍ജ്.
കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കില്‍ അവരെയും പിണറായി വൈസ് ചാന്‍സലര്‍ ആക്കിയേനേയെന്ന് പി സി ജോര്‍ജ് പറഞ്ഞു. കലാമണ്ഡലത്തിന്റെ പുതിയ ചാന്‍സലര്‍ വി എന്‍ വാസവന്‍ കഥകളി പഠിപ്പിക്കുമോ എന്നും ജോര്‍ജ് ചോദിച്ചു. പള്ളിക്കൂടത്തില്‍ പോകാത്തവരെ പിടിച്ച് വൈസ് ചാന്‍സലര്‍ ആക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്. സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്.
പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനാണ് നിലവില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ പ്രോ വൈസ് ചാന്‍സലര്‍. ചട്ട പ്രകാരം സ്പോണ്‍സറാണ് ചാന്‍സലറെ നിയമിക്കേണ്ടത്. കലാ സാംസ്കാരിക രംഗത്ത പ്രമുഖന്‍ ചാന്‍സിലറാകുമെന്നാണ് വിവരം.
അതേസമയം ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങള്‍ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു. ചാന്‍സലറെ മാറ്റുന്ന കാര്യത്തില്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കി.