ഇ പി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തണം: കെ സുധാകരൻ


ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ജയരാജന്‍ മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് പുമൂടല്‍ നടത്തിയത് ഗത്യന്തരമില്ലാതെയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കണ്ണൂരിലെ ‘വൈദേകം’ റിസോര്‍ട്ടിലേക്ക് ആദായനികുതി വകുപ്പും ഇഡിയും എത്തുകയും, റിസോര്‍ട്ടില്‍ നടന്ന ക്രമക്കേടുകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിവേദനം മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തപ്പോള്‍ മറ്റൊരു വഴിയും മുന്നിലില്ല. റിസോർട്ടുമായി ബന്ധപ്പെട്ട വിഷയം സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും വരുമ്പോള്‍ ഇനിയും കസര്‍ത്തുകള്‍ നടത്തേണ്ടി വരുമെന്നും സുധാകരന്‍ പരിഹസിച്ചു.
കണ്ണൂർ ജില്ലയിൽ നൂറിലധികം യുവാക്കളെ കൊന്നൊടുക്കിയതിന്റെ രക്തം ഇടത് നേതാക്കളുടെ കൈകളിലുണ്ട്. ടി പി ചന്ദ്രശേഖറിന്റെയും ഷുഹൈബിന്റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരകരാണെന്ന് ജനങ്ങള്‍ക്കറിയാം. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി തന്നെ ഇക്കാര്യങ്ങള്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. രക്തക്കറ പുരണ്ട ഇവരൊന്നും നാടിന്റെ ഐശ്വര്യമല്ലെന്നും മറിച്ച് ശാപമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന മുഖ്യമന്ത്രിയുടെ കുടുംബത്തെ ചുറ്റിപ്പറ്റി നിരവധി ആക്ഷേപങ്ങളും അന്വേഷണങ്ങളും നടക്കുന്നതിനിടയിലാണ് അദ്ദേഹം സ്തുതിഗീതം പാടിയത്. പിണറായിക്കും കുടുംബത്തിനും മാത്രം ഐശ്വര്യപട്ടം നല്കാതെ സ്വന്തം കുടുംബത്തിനും അതു നല്കണം. വൈദേകം തന്റെ ഭാര്യയുടെും മകന്റെയുമാണെന്നു പറയുന്ന ജയരാജന്‍ ഈ റിസോര്‍ട്ട് നിര്‍മാണത്തിലെ ക്രമക്കേടുകളും ദശകോടികളുടെ നിക്ഷേപത്തില്‍ ഉയര്‍ന്ന ആക്ഷേപങ്ങളും അന്വേഷിപ്പിച്ച് അഗ്‌നിശുദ്ധി വരുത്താന്‍ തയാറാണോയെന്ന് സുധാകരന്‍ ചോദിച്ചു.