പാലക്കാട് എൽഡിഎഫും യുഡിഎഫും അവരവരുടെ വോട്ടുപിടിച്ചാൽ ബിജെപിക്ക് അനായാസം ജയിക്കാനാവും: പിവി അൻവർ


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്നാൽ നേട്ടം ബിജെപിക്കാകും എന്ന് എംഎൽഎ പിവി അൻവർ. രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിച്ചാൽ ബിജെപിക്ക് അനായാസം ജയിക്കാനാവും.
അതുകൊണ്ടുതന്നെ ബിജെപി ജയിക്കാതിരിക്കാൻ മതേതര ജനാധിപത്യ ശക്തികൾ ഒന്നിച്ച് നിൽക്കണം. സംസ്ഥാന നേതാവ് സുരേന്ദ്രനെ വരെ ബിജെപി സ്ഥാനാർത്ഥിയായി ആലോചിക്കുന്നത് ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും അൻവർ ചൂണ്ടിക്കാട്ടി.
ദേശീയ തലത്തിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും പരസ്പരം ആലോചിച്ച് പാലക്കാട് പൊതു സ്ഥാനാർഥിയെ നിർത്തണം. എങ്ങിനെയും ബിജെപിയുടെ ജയം തടയുകയാണ് വേണ്ടത്. ഇത് രാജ്യമാകെ മതേതര കക്ഷികൾക്കും ന്യൂനപക്ഷങ്ങൾക്കും ആശ്വാസമാകും. കേരളത്തിൽ ബിജെപിക്ക് സീറ്റ് കൊടുക്കുന്നത് കേരളത്തിന്റെ മതേതര പുരോഗമന പാരമ്പര്യത്തിന് കളങ്കമാകും.
ഇടത് – വലത് മുന്നണികൾ ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. അല്ലെങ്കിൽ തൃശൂർ ഇവിടേയും ആവർത്തിക്കുമെന്നും അൻവർ പറയുന്നു. പൊതുസ്ഥാനാർത്ഥിയെ പാലക്കാട് നിർത്തുകയാണെങ്കിൽ ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാർത്ഥിയെ പിൻവലിച്ച് പൊതുസ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അൻവർ കൂട്ടിച്ചേർത്തു.