2024 ൽ മോദി വീണ്ടും അധികാരത്തിൽ വന്നാൽ അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടന മാറ്റി പകരം “നരേന്ദ്ര മോദി ഭരണഘടന” കൊണ്ടുവരും: ജെഡിയു
ഇന്ത്യയിലെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെപേരുകൾ കേന്ദ്രസർക്കാർ മാറ്റിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ജനതാദൾ (യുണൈറ്റഡ്) പ്രസിഡന്റ് ലാലൻ സിംഗ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയാൽ ഡോ. ബി.ആർ അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടന മാറ്റി പകരം “നരേന്ദ്ര മോദി ഭരണഘടന” കൊണ്ടുവരുമെന്ന് ലാലൻ സിംഗ് ആരോപിച്ചു.
ഇന്ന് ബിഹാറിലെ നളന്ദയിൽ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ലാലൻ സിംഗിന്റെ ആരോപണം.
“2024 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ, ഡോ. ബി.ആർ. അംബേദ്കർ തയ്യാറാക്കിയ ഭരണഘടന മാറ്റി പകരം നരേന്ദ്ര മോദി ഭരണഘടന കൊണ്ടുവരും. അദ്ദേഹം (പി.എം)കഴിഞ്ഞ ഒൻപത് വർഷമായി എന്ത് വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടത്തിയത്?”- ലാലൻ സിംഗ് ചോദിച്ചു.
“പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്ത് പേരുമാറ്റങ്ങൾ കൂടിവരികയാണ്. സമീപ വർഷങ്ങളിൽ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ദ്വീപുകൾ എന്നിവയുടെ ഉൾപ്പെടെ പേരുകൾ മാറ്റിയിട്ടുണ്ട്. ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ‘രാജ്പഥിന്റെ’ പേര് ‘കർതവ്യ പാത’ എന്നാക്കി മാറ്റിയതാണ് ഏറ്റവും പുതിയത്.”- ലാലൻ സിംഗ് പറഞ്ഞു.